അമ്പലപ്പുഴ: പുതുവത്സരം അടിച്ചുപൊളിക്കാമെന്ന് ആരും കരുതേണ്ട. നിയന്ത്രണം വിട്ടാൽ പിടി വീഴും. ഓർക്കുക… പോലീസിന്റെ കണ്ണുകൾ നിങ്ങളുടെ പിന്നാലെയുണ്ട്.
ഇരുചക്രവാഹനങ്ങളുടെ സൈലൻസർ അഴിച്ചുമാറ്റി തകർത്തുപായാമെന്നു കരുതേണ്ട. സിസി ടിവി കാമറകളുടെ മിഴികൾ ഉറക്കമുണർന്ന് നിങ്ങളെ കാത്ത് വഴിയോരങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
അസമയങ്ങളിൽ ഒറ്റയ്ക്കും കൂട്ടംകൂടിയും നിലയുറപ്പിച്ചാൽ വിവരമറിയിക്കാൻ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗവും ഉണ്ട്.
രാപകൽ പട്രോളിംഗ്
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകാൻ ഇടയുള്ള അക്രമങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ കർശന നിരീക്ഷണം. ഇതിന്റെ ഭാഗമായി പോലീസ് പരിശോധന കർശനമാക്കി.
അമ്പലപ്പുഴ, പുന്നപ്ര പോലീസിന്റെ നേതൃത്വത്തിലാണ് മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. അമ്പലപ്പുഴയിൽ സിഐ മനോജിന്റെ നേതൃത്വത്തിൽ രണ്ടു ബൈക്ക്, രണ്ടു ജീപ്പ് എന്നിവയിലാണ് പട്രോളിംഗ് നടത്തുന്നത്.
പുന്നപ്രയിൽ സിഐ യഹിയയുടെ നേതൃത്വത്തിൽ മൂന്ന് ബൈക്കുകളിലും രണ്ട് ജീപ്പുകളിലുമാണ് പട്രോളിംഗ്. സ്റ്റേഷനുകളുടെ പരിധിയിലുള്ള ഇടറോഡുകളിൽ ഉൾപ്പെടെ പോലീസ് പെട്രോളിംഗ് നടത്തും.
ഇതിന് മുമ്പ് അക്രമങ്ങൾ നടന്നിട്ടുള്ള പ്രദേശങ്ങൾ പ്രത്യേക നിരീക്ഷണത്തിലാണ്. ബീച്ച്, കാറ്റാടിക്കൂട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മുഴുവൻ സമയവും പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ സംശയാസ്പദമായി ചുറ്റിത്തിരിയുന്നവരെ പിടികൂടി വേണ്ടിവന്നാൽ കരുതൽ തടങ്കലിൽ വെക്കും. വ്യാജമദ്യം, വാറ്റ് ചാരായം, മയക്കുമരുന്നുകൾ എന്നിവ ഒഴിവാക്കാൻ രാത്രികാലങ്ങളിൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.