എടത്വ: വോട്ടെടുപ്പിനു നിയോഗിച്ച ഫസ്റ്റ് പോളിംഗ് ഓഫീസർ ബൂത്ത് ഓഫീസിൽനിന്നും മുങ്ങി.
പ്രിസൈഡിംഗ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥനെ പോലീസ് വീട്ടിൽനിന്നും പൊക്കി.
തലവടി 130-ാം നന്പർ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോർജ് അലക്സാണ് മുങ്ങിയത്.
പോളിംഗ് സാധനങ്ങൾ തലവടിയിലെ ബൂത്തിൽ എത്തിക്കുന്നതുവരെ ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു.
വൈകുന്നേരത്തോടെ ഉദ്യോഗസ്ഥനെ കാണാത്തതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അടുത്തുണ്ടെന്ന് മറുപടി നൽകി.
രാത്രി വൈകിയും എത്താത്തതിനെ തുടർന്ന് സഹഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തു. ബൂത്തിൽ പുതിയ ഓഫീസറായി ജ്യോതിലക്ഷ്മിയെ നിയമിച്ചു.
കോവിഡ് കുത്തിവയ്പിനു ശേഷം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണ് വീട്ടിൽ പോകാൻ കാരണമെന്ന് കസ്റ്റഡിയിലായ ജോർജ് അലക്സ് പറഞ്ഞു.
ശാരീരിക അവശത മറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താതെ വീട്ടിൽ പോയ നടപടി തികച്ചും തെറ്റായിപ്പോയെന്ന് അധികൃതർ അറിയിച്ചു.