എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കും. സംസ്ഥാന പോലീസ് മേധാവിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ ബന്ധപ്പെടണം. ഫോണ്‍- 9497990035. അതേസമയം പോലീസ് ബംഗളൂരുവിലും മൈസൂരുവിലും അന്വേഷണം തുടരുകയാണ്. ജെസ്‌നയെയും തൃശൂര്‍ സ്വദേശിയായ യുവാവിനെയും ബംഗളൂരുവില്‍ കണ്ടതായ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തില്‍ ഇന്നലെയും തുടര്‍ന്നു.
ജെസ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നതായി പറയുന്ന യുവാവ് ഉപയോഗിച്ചിരുന്നതായി മൊഴി ലഭിച്ച ആഡംബര ബൈക്കിനെ ആധാരമാക്കിയാണ്് അന്വേഷണം നടന്നത്. ഈ കന്പനി സമീപകാലത്തു വില്പന നടത്തിയ ബൈക്കുകളെക്കുറിച്ചുള്ള വിവരം ശേഖരിച്ചു. കേരളത്തിലെ എക്‌സിക്യൂട്ടീവില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ഒരാള്‍ ഇതേ ബൈക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെ ന്നും ആശ്വാസഭവനിലെ പൂവരണി സ്വദേശി ഇയാളെ തിരിച്ചറിഞ്ഞില്ലെന്നും സിഐ പറഞ്ഞു.
പൂവരണി സ്വദേശിയുടെ മൊഴിയിലാണ് ജെസ്‌നയും തൃശൂര്‍ സ്വദേശിയായ യുവാവും ആഡംബര ബൈക്കില്‍ ആശ്വാസഭവനിലും സമീപത്തെ നിംഹാന്‍സ് ആശുപത്രിയിലും എത്തിയതായി പറഞ്ഞിരുന്നത്. ഇദ്ദേഹത്തെ ഇതിനോടകം പലതവണ പോലീസ് ചോദ്യം ചെയ്തു. മൊഴി ആവര്‍ത്തിക്കുന്നതും ജെസ്‌ന തന്നെയാണ് വന്നതെന്ന് ഉറപ്പിച്ചു പറയുന്നതും പോലീസിനെ കുഴക്കുകയാണ്. മൈസൂരുവില്‍ അന്വേഷണം നടത്തുന്ന തിരുവല്ല എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വിശദമായ തെരച്ചിലിലാണ്. എന്നാല്‍, കാര്യമായ വിവരം ഇവര്‍ക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്.