കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരിയെ അപമാനിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസിന് മടി. പരാതി നല്കി രണ്ടാഴ്ചയായിട്ടും ഇതുവരേയും അത്തോളി സ്വദേശിയായ അമ്പത്തിയൊന്നുകാരനായ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്പെഷ്യല്‍ബ്രാഞ്ചും ജീവനക്കാരന് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി സ്വീകരിക്കാതെ ഒത്തുതീര്‍പ്പിനാണ് ശ്രമമെന്നാണറിയുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും ജീവനക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനോ മറ്റു നിയമനടപടി സ്വീകരിക്കാതെ പോലീസ് തയാറായിട്ടില്ല. നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതിക്കാരി ഒത്തുതീര്‍പ്പിന്റെ വഴിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണറിയുന്നത്.
അതേസമയം പോലീസ് ഇരയ്ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരന്റെ പക്ഷം നില്‍ക്കുന്നതിനെതിരേ സേനയിലും ഭിന്നാഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ മൂന്നിനാണ് മേലുദ്യോഗസ്ഥന് രേഖാമൂലം നാല് പേജുള്ള പരാതിയുമായി യുവതി രംഗത്തെത്തിയത്. തൊഴിലിടത്തിലെ ലൈംഗിക പീഡനത്തിന് എതിരെയായിരുന്നു യുവതി പരാതി നല്കിയതെന്നാണറിയുന്നത്.
പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എം. ടോമി സിറ്റി വനിതാസെല്‍ സിഐ ചെയര്‍മാനായ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയിരുന്നു. അഞ്ചാംതീയതി അഭിഭാഷകയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച കമ്മിറ്റി യോഗം ചേരുകയും ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ എട്ടുമാസമായി യുവതിയെ നിരന്തരമായി തൊഴിലിടത്തില്‍ പലവിധത്തില്‍ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പരാതി. ഫോണിലൂടെയും നേരിട്ടും അശ്ലീലം പറയുകയും ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തതോടെ സഹപ്രവര്ത്തകന് കൂടിയായ ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ ജീവനക്കാരി ഓഫീസിലെത്തുമ്പോള്‍ അപമാനിക്കല്‍ തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം.