സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുതെന്നത് എല്ലാവര്ക്കു അറിയാവുന്ന കാര്യമാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ അതെല്ലാം വെള്ളത്തില്‍ വരച്ച് വര പോലെ മാഞ്ഞ് പോവുകയാണ് പതിവ്. ഡല്‍ഹി മെട്രോയിലെ മദ്യപിച്ച രീതിയില്‍ ആടിയുലയുകയും പിന്നീട് മറിഞ്ഞ് വീഴുകയും ചെയ്ത ഒരു പോലീസുകാരനെ ആരും പെട്ടെന്ന് മറക്കാനിടയില്ല. കാരണം സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹത്തെ അത്രയ്ക്ക് പരിഹസിച്ചിരുന്നു ആളുകള്‍. ഒരു പോലീസുകാരന് ഡെല്‍ഹി മെട്രോ ട്രെയിനിനകത്ത് മദ്യപിച്ച് ഉന്മത്തനായ അവസ്ഥയില്‍ നില്ക്കുന്നതും ബാലന്‍സ് കിട്ടാതെ മറിഞ്ഞുവീഴുന്നതുമായിരുന്നു കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്ന വീഡിയോയില്‍ കാണിച്ചിരുന്ന ദൃശ്യങ്ങള്‍. നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങള്‍ സത്യം തിരിച്ചറിയാതെ ആ വീഴ്ചയെ ആഘോഷമാക്കി.
പോലീസുകാരുടെ അവസ്ഥ ഇതാണെങ്കില്‍ മെട്രോ യാത്രയിലെ സുരക്ഷിതത്വം എന്തായിരിക്കുമെന്നതിനെക്കുറിച്ച്് ചാനലുകളില്‍ ചര്‍ച്ചകള്‍ നിറഞ്ഞു. ഇതേത്തുടര്‍ന്ന് അമ്പതുകാരനായ ആ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഇപ്പോളാണറിയുന്നത് അദ്ദേഹം മദ്യപിച്ചിരുന്നില്ല, അസുഖബാധിതനായ അദ്ദേഹം വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു. ശരീരത്തിന്റെ ഒരു വശം തളര്‍ത്തിയ രോഗമായിരുന്നു അദ്ദേഹത്തിന്. സുപ്രീംകോടതി വരെ ഇപ്പോള്‍ അത് ശരിവച്ചു. നവംബറില്‍ അദ്ദേഹം ജോലിയ്ക്ക് തിരിച്ചുകയറുകയും ചെയ്തു. സ്ട്രോക്കും ഹെമറേജും മൂലം തളര്‍ന്നയാളായിരുന്നു അദ്ദേഹം എന്നത് പിന്നീടാണ് എല്ലാവരും അറിയുന്നത്. ഇനി ഒന്നുമാത്രമെ ആവശ്യമുള്ളു. എവിടെയൊക്കെ അദ്ദേഹത്തിന് പേര് നഷ്ടപ്പെട്ടോ അവിടെയെല്ലാം സത്യം തെളിയണം.