അതിക്രൂരമായ ബലാത്സംഗത്തിനിരയായി, അതിലും ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെണ്‍കുട്ടിയ്ക്കുവേണ്ടി രാജ്യം മുഴുവന്‍ തേങ്ങുകയാണ്. അവളുടെ നീതിയ്ക്കായി തെരുവിലിറങ്ങുകയാണ്. കുറ്റപത്രം പുറത്തിറങ്ങിയ ശേഷമാണ് ആ കുരുന്നു പെണ്‍കുട്ടിക്കെതിരായി നടന്നത് എത്ര മനഃസാക്ഷിയില്ലാത്ത പീഡനമാണെന്ന് ലോകം അറിഞ്ഞത്.
അവളനുഭവിച്ച വേദന മനഃസാക്ഷിയുള്ള ഓരോരുത്തരുടെയും ഉറക്കം കെടുത്തിയത് അതിനുശേഷമായിരുന്നു. ആ കുറ്റപത്രത്തിന് പിന്നില്‍ എതിര്‍പ്പുകളെ വകവെയ്ക്കാതെ, തുടങ്ങിവെച്ച അന്വേഷണം പൂര്‍ത്തിയാക്കാതെ വിശ്രമിക്കില്ലെന്ന് ഉറപ്പിച്ച ഒരു പോലീസ് ഓഫീസറുണ്ട്. രമേശ് കുമാര്‍ ജല്ല. അയാള്‍ക്ക് കീഴില്‍ അണിനിരന്ന ഒരു ടീമുണ്ട്.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കാഷ്മീരി പണ്ഡിറ്റായ ആ പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണവുമായി മുന്നോട്ടു പോയത്. കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ തന്നെയാണ് യഥാര്‍ഥ പ്രതികളെന്ന് ഉറപ്പുവരുത്തുന്ന തെളിവുകളായിരുന്നു അയാളുടെ അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോയത്. ശ്രീനഗര്‍ സ്വദേശിയായ രമേശ് കുമാര്‍ ജല്ല 1984ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിന് ശേഷം, ഈ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ ശേഷമാണ് താനൊന്ന് ഉറങ്ങിയതെന്നും അദ്ദേഹം പറയുന്നു.
റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെയാണ് ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടന്റ് പോലിസ് ഓഫീസറായ രമേശ് കുമാര്‍ ജല്ലയും ടീമംഗങ്ങളും അന്വേഷണം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 9 നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഹൈക്കോടതി നിശ്ചയിച്ച 90 ദിവസത്തെ കാലാവധിക്ക് പത്തുദിവസം മുമ്പേയാണിത്. അതും, രാഷ്ട്രീയനേതാക്കളും അഭിഭാഷകരും അടക്കമുള്ള ഒരു വലിയ ലോബിയുടെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന്.
കേസ് അന്വേഷിക്കാനായി ഔദ്യോഗികമായി നിയോഗിപ്പെട്ട ടീമിന്റെ സൂപ്പര്‍വൈസറാണ് ജല്ല. ജമ്മുവിലെ ക്രൈം ബ്രാഞ്ചിന്റെ അമരക്കാരന്‍. അതുപോലെതന്നെ നവീദ് പീര്‍സദയെന്ന യുവ പൊലീസ് ഓഫീസറാണ് കേസന്വേഷത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഏത് കുഴപ്പം പിടിച്ച കേസും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആള്‍ എന്നൊരു വിശേഷണം നേരത്തെ തന്നെയുള്ളയാളാണ് നവനീത്.
”അന്വേഷണത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു ഞങ്ങള്‍. പക്ഷേ, എന്തോ ഒരു ദൈവികസഹായം ഞങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. അതാണ് കേസ് അന്വേഷണത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ ആ അമ്പലത്തിലും തെളിവെടുപ്പ് നടത്തി. അവിടെ അടച്ചിട്ട ഒരു റൂമുണ്ടായിരുന്നു. അതിന്റെ താക്കോല്‍ പ്രതികളിരൊളായ സഞ്ജിറാമിന്റെ കയ്യിലായിരുന്നു.
ആ റൂം തുറന്ന് പരിശോധിച്ചപ്പോള്‍ എട്ട് മുടിയിഴകള്‍ കിട്ടി. അവ ഡിഎന്‍എ ടെസ്റ്റിന് അയച്ചു. ആ മുറിയില്‍ പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ് ആ മുടിയിഴകള്‍ എന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന്, ഒന്നുമാത്രം പെണ്‍കുട്ടിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു”- മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു.