പോലീസെന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളും അഭിപ്രായങ്ങളുമാവും പങ്കുവയ്ക്കാനുണ്ടാവുക. എങ്കിലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒരുകാര്യമുണ്ട്. ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍ പോലീസെന്നാല്‍ ആശ്വാസം, ആശ്രയം എന്നൊക്കെ തന്നെയാണ് അര്‍ത്ഥം. അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു പോലീസുകാരന്റെ അനുഭവമാണ് ഇപ്പോള്‍ കേരളമെങ്ങും മഴവാര്ത്തകള്ക്കൊപ്പം വൈറലായിരിക്കുന്നത്.
മഴയും ദുരന്തങ്ങളുമായി ബന്ധപ്പെട്ട് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുപത്തിനാല് മണിക്കൂറും കര്‍മനിരതരായിരിക്കുന്ന സാഹചര്യത്തില്‍ ഒരു പോലീസുകാരന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മനോജ് കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിങ്ങനെ…
ഇന്ന് (അഗസ്റ്റ്:9 ) എന്റെ ജന്മദിനമാണ്. കാലത്ത് 6.00 മണി മുതല്‍ പാലക്കാട് ടൗണില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഉച്ചയ്ക്ക് 11.30 മണിക്കാണ് പ്രഭാത ഭക്ഷണം കഴിക്കുവാനായത്. കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും ജനങ്ങളെ സഹായിച്ചതില്‍ ലഭിച്ച ചാരിതാര്‍ത്ഥ്യമാണ് എനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനം. എങ്കിലും ഞാന്‍ മഴയെ ശപിക്കില്ല. മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വഴികള്‍ തടസപ്പെടുത്തിയ മനുഷ്യന്റെ ക്രൂരമായ അത്യാഗ്രഹത്തെയാണ് ഞാന്‍ ശപിക്കുന്നത്.