ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം വന്നതോടെ പലവിധ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഹെല്‍മറ്റിലാടെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയ സംഭവം സംസ്ഥാനമാകെ വന്‍പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസുകാരന്‍ ഇവിടെ. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവം.
പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.’അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക് പിടച്ചുപോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളര്‍ത്തിയത് മറക്കരുത്. എല്ലാവര്‍ക്കും മാതൃകയാകണം’ പോലീസുകാരന്‍ പറഞ്ഞു.