ബഹുമാനം ഒരു വശത്തേക്ക് മാത്രമുള്ളതല്ല! പോലീസ് കമ്മീഷണറുടെ സല്യൂട്ട് വൈറലാവുന്നു; ഒരു യൂണിഫോം മറ്റൊരു യൂണിഫോമിന് നല്‍കുന്ന ബഹുമാനമെന്ന് സോഷ്യല്‍മീഡിയയുടെ അഭിനന്ദനവും

വിതച്ചതേ കൊയ്യൂ എന്നൊരു ചൊല്ലുണ്ട്. അതായത്, നാമെന്ത് മറ്റുള്ളവരോട് ചെയ്യുന്നുവോ അത് തന്നെ അല്ലെങ്കില്‍ അതിനോട് സദൃശ്യമായതേ നമുക്ക് ലഭിക്കൂ എന്ന്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടണമെങ്കില്‍ ആദ്യം നമ്മള്‍ മറ്റുള്ളവരെ ബഹുമാനിക്കണം.

മറ്റുള്ളവരെ ബഹുമാനിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉയരത്തിലേക്ക് പോകുന്നു. ഇതിന് ഉദാഹരണമാക്കാന്‍ കഴിയുന്ന സംഭവമാണ് ഇക്കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്നത്. ബംഗളൂരുവിലെ പോലീസ് കമ്മീഷണറായ ടി. സുശീല്‍ കുമാറാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയയില്‍ താരമായത്. വീഡിയോ ചിത്രീകരിക്കുമ്പോള്‍ യാദൃശ്ചികമായാണ് അതില്‍ ഈ സല്യൂട്ട് പതിഞ്ഞത്.

ഈ വീഡിയോ വൈറലായതോടെ ബഹുമാനം വണ്‍വേ അല്ല എന്ന കമ്മീഷണറുടെ നിലപാടിനെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. കമ്മീഷണര്‍ നടന്നു വരുമ്പോള്‍ അതിലെ പോകുകയായിരുന്ന വിദ്യാര്‍ത്ഥി അദ്ദേഹത്തിന് സല്യൂട്ട് നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കമ്മീഷണര്‍ നില്‍ക്കുകയും വിദ്യാര്‍ത്ഥിയ്ക്ക് മറുപടി സല്യൂട്ട് നല്‍കുകയും ചെയ്തു. ബംഗളൂരുവിലെ മല്ല്യ ആശുപത്രിയില്‍ നിന്നും കമ്മീഷണര്‍ സുശീല്‍ കുമാര്‍ പുറത്തേക്കു വരുമ്പോഴാണ് സംഭവം ഉണ്ടായത്.

ബംഗളൂരു സിറ്റി പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ആയിരക്കണക്കിനാളുകള്‍ ലൈക്ക് ചെയ്യുകയും ഒന്നരലക്ഷത്തോളം പേര്‍ കാണുകയും ചെയ്ത വീഡിയോ ധാരാളം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുമുണ്ട്. കമ്മീഷണറെ അഭിനന്ദനംകൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.

ഒരു യൂണിഫോം മറ്റൊരു യൂണിഫോമിന് നല്‍കുന്ന ബഹുമാനം അച്ചടക്കത്തിന്റെ മൂല്യത്തെ കാണിക്കുന്നു എന്നാണ് ചിത്രത്തെക്കുറിച്ച് പ്രധാനമായും ഉയര്‍ന്നുവരുന്ന അഭിപ്രായം. പോലീസ് കമ്മീഷണര്‍ ശ്രീ ടി. സുശീല്‍ കുമാര്‍ ഐ.പി.എസും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പരസ്പരം ബഹുമാനിക്കുന്നു.

ബഹുമാനത്തിന്റേയും അച്ചടക്കത്തിന്റേയും അഭിമാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍. ബഹുമാനം പദവിയ്ക്കും പ്രായത്തിനും സ്ഥാനത്തിനും മുകളിലാണ്. നമ്മുടെ അഭിമാനം നമ്മുടെ അച്ചടക്കം. ബംഗളൂരു സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോയ്ക്കൊപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു.

Related posts