ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മുന്നില്‍ നിന്ന് നൃത്തം ചെയ്യണമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടതായി 16 വയസ്സുകാരിയുടെ പരാതി. ഭൂവുടമയുടെ മരുമകന് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.
അപ്പോഴാണ് ഇന്‍സ്പെക്ടര്‍ പെണ്‍കുട്ടിയോട് ഇങ്ങനെ പെരുമാറിയത്. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ഉത്തര്‍പ്രദേശിലെ ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷന് വാദിക്കുന്നത്.
ഗോവിന്ദ് നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഭൂവുടമയുടെ മരുമകന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്കാന് ശ്രമിച്ചിരുന്നു. വാടക വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ ഒഴിപ്പിക്കാനും ഭൂവുടമയുടെ മരുമകന് അനൂപ് യാദവ് ശ്രമിച്ചിരുന്നു. ഇയാള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചതായും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
ഓഗസ്റ്റ് ഏഴിന് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ, മകളെ വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയാക്കി. തുടര്‍ന്ന് ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തന്റെ മുന്നില്‍ നിന്ന് നൃത്തം ചെയ്യണമെന്ന് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ വീഡിയോയില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീഡിയോയില്‍ കഴമ്പില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.