കൊച്ചിയില്‍ കഴിഞ്ഞദിവസം നടുറോഡില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ വ്യക്തിയെ പിടികൂടിയ സിവില്‍ പോലീസ് ഓഫീസറുടെ വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്ന് ക്രിമിനലിനെ പിടികൂടിയ പോലീസുകാരനായ രഘു പിന്നീട് നേരിടേണ്ടി വന്നത് കൊടും അവഗണന. അതും സ്വന്തം മേലുദ്യോഗസ്ഥരില്‍നിന്നും. രഘുവിന്റെ ഭാര്യ സൗമ്യയാണ് അന്ന് നടന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
പ്രിയ പോലീസ് സുഹൃത്തുക്കളെ …..
ഞാന്‍ സൗമ്യ രഘു ‘ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ CP0 PS രഘുവിന്റെ ഭാര്യയാണ്: വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. എന്റെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം ഉണ്ടായ ദുരനുഭവമാണ് ഇതിന്നാധാരം. 8/5/17 തിയതിയില്‍ ഉദ്ദേശം രാത്രി 10 മണിയോടെ എന്റെ ഭര്‍ത്താവ്വ് പാലാരിവട്ടം ഭാഗത്ത് നിന്ന് കളമശ്ശേരി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇടപ്പളളി പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ പള്ളിയുടെ കോമ്പൗണ്ടില്‍ നിന്നും സ്ക്കൂട്ടറില്‍ ഒരാള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുകയും, തുടര്‍ന്ന് റോഡിലൂടെ ഇടത് വലത് വശങ്ങളിലേക്ക് വാഹനം പാളിച്ചും ഒരു കൈ മുകളിലേക്ക് ഉയര്‍ത്തി ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് വാഹനമോടിക്കുകയും, തുടര്‍ന്ന് ആയാളുടെ വാഹനത്തിന്റെ ഹാന്‍ഡില്‍ അതു വഴി സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന്റെ ബൈക്കില്‍ തട്ടുകയും, ചെറിയ കുട്ടിയുള്‍പ്പെടെ അവരുടെ വണ്ടി ബാലന്‍സ് തെറ്റി ചരിയുകയും ചെയ്തു. ഇവരുടെ പുറകിലായി യാത്ര ചെയ്തിരുന്ന പോലീസുകാരനായ എന്റെ ഭര്‍ത്താവ് ,അദ്ദേഹത്തിന്റെ വാഹനം വേഗത വര്‍ധിപ്പിച്ച് അപകടകരമായി വാഹനമോടിച്ചയാളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, അയാള്‍ അസഭ്യം പറഞ്ഞ് കൊണ്ട് പള്ളി പെരുന്നാളിനോടനുബന്ധിച്ച് തിരക്കുള്ള റോഡിലൂടെ വാഹനം വെട്ടിച്ച് പോക്കറ്റ് റോഡിലേക്ക് കടന്നു.
അയാളുടെ പ്രവൃത്തി മനുഷ്യജീവന് ആപത്തുണ്ടാക്കുമെന്ന് മനസിലാക്കിയ എന്റെ ഭര്‍ത്താവ് അയാളെ തടഞ്ഞു നിറുത്തിയപ്പോള്‍, അയാള്‍ അമിത മദ്യലഹരിയിലാണെന്ന് മനസിലായി. തുടര്‍ന്ന് അദ്ദേഹം പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്തു. 12 തവണ ശ്രമിച്ചിട്ടും കോള്‍ ലഭിച്ചില്ല. അപ്പോഴെക്കും ആക്രമാസ്കതനായ ആയാള്‍ എന്റെ ഭര്‍ത്താവിന്റെ തലയിലെ ഹെല്‍മറ്റ് വലിച്ചൂരിയെടുത്ത് അദ്ദേഹത്തിന്റെ തലക്ക് ഹൈല്മെറ്റു കൊണ്ടും കൈ കൊണ്ടും അടിച്ചു (ചിത്രങ്ങള്‍ ഇതോടൊപ്പം ) ഇതെല്ലാം കണ്ട് കൊണ്ട് നൂറോളം നാട്ടുകാര്‍ അവിടെ കൂടിയിരുന്നു. എന്നാല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജീഷ്ണു എന്നയാളെ തടയാനോ എന്റെ ഭര്‍ത്താവിനെ സഹായിക്കാനോ ആരും തയ്യാറായില്ല എന്നതാണ് ദു:ഖസത്യം. ഇതിനിടയില്‍ കണ്ട്രോള് റൂമില്‍ നിന്ന് തിരികെ ഫോണ്‍ വന്നപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ വഴിയാത്രക്കാരനായ ഏതോ ഒരു നല്ല മനുഷ്യന് ഫോണിലൂടെ വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് എളമക്കര SI എത്തുകയും അയാളെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.
ഇനിയാണ് പ്രിയപ്പെട്ടവരെ പോലിസുകാരനായ എന്റെ ഭര്‍ത്താവിനുണ്ടായ ദുരനുഭവം നിങ്ങളറിയേണ്ടത്. തലക്ക് അടി കിട്ടി (ഫോട്ടോ ഇതോടൊപ്പം) അവശനായി സ്റ്റേഷനിലെത്തിയ അദേഹത്തോട് ബഹുമാനപ്പെട്ട ടI Prejith ശശി സാര്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കാര്യങ്ങള്‍ തിരക്കുകയോ വൈദ്യസഹായം വേണോയെന്ന് ചോദിക്കുകയോ ഉണ്ടായില്ല. പ്രിയപ്പെട്ട Sl സാറെ എന്റെ ഭര്‍ത്താവ് ഒരു സാധാരണ പോലീസുകാരനായതുകൊണ്ടാണോ അങ്ങ് ഇത്തരത്തില്‍ പെരുമാറിയത്. അവശനായി ഒന്നര മണിക്കൂറോളം അദേഹം സ്റ്റേഷനില്‍ ഇരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും ആരും നല്‍കിയില്ല, നിരവധി കേസിലെ പ്രതിയായ അയാള്‍ അപ്പോഴും സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുന്നുണ്ടായിരുന്നു (വിഡിയോ ഇതോടൊപ്പം ).
കിട്ടിയ മര്‍ദ്ദനത്തെക്കാള്‍ വലിയ മാനസിക വേദനയോടെ, തന്റെ സങ്കടം നിറകണ്ണുകളോടെ GD ചാര്‍ജ് JALEEL സാറിനോട് പറഞ്ഞു കൊണ്ട് അദ്ദേഹം സ്റ്റേഷനില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടുകയും ചെയ്തു. പ്രിയപ്പെട്ടവരെ കാക്കിയിട്ടവരോട് കാരുണ കാണിക്കാനുള്ള കരളലിവ് കാക്കിയിട്ടവരെങ്കിലും കാണിക്കണ്ടെ… സങ്കടമുണ്ട് പ്രിയപ്പെട്ടവരെ… പോലീസുകാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ!!! ഇപ്പോള്‍ അദേഹത്തിന് ഒട്ടും വയ്യ നല്ല തലവേദനയുണ്ട്. നാളെ എന്തായാലും സ്കാന്‍ ചെയ്യണം. ഇതിനിടയില്‍ നാളെ സ്പെഷ്യല്‍ ബ്രാഞ്ച് അസി: കമ്മീഷണര്‍ മുമ്പാകെ ഹാജരാകാന്‍ അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എന്നാലും പ്രിയപ്പെട്ടവരെ ഞാനുണ്ടാവും കാക്കിയിട്ടവര്ക്കെതിരെ കയ്യോങ്ങുന്നവര്ക്കെതിരെ പ്രതികരിക്കാന്‍… അക്ഷരങ്ങളുമായി … ആരോടും എനിക്കും കുടുംബത്തിനും ഒരു പരാതിയുമില്ല…. സ്നേഹവും ബഹുമാനവും മാത്രം.