പ്രളയകാലത്തെക്കുറിച്ച് കേരളത്തിലെ ഓരോ വ്യക്തിയ്ക്കും പറയാനുണ്ടാവും ഒരനുഭവകഥ. എന്നാല്‍ പ്രളയവും അതിന്റെ ദുരന്തങ്ങളും നേരിട്ട് കണ്ടവരുടേത് ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങളായിരിക്കും. അത്തരമൊരു അനുഭവമാണ് ഇപ്പോള്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. കാക്കി യൂണിഫോം സ്വപ്നം കാണുകയും പിന്നീട് അത് സ്വന്തമാക്കിയ ശേഷം കയ്യില്‍ ചൂലും വെള്ളവുമായി ചെങ്ങന്നൂരിലേക്ക് ഇറങ്ങിയ ഒരു പോലീസുകാരിയുടെ ആദ്യ അനുഭവം.
അച്ഛനെയും ചേട്ടനെയും പോലെ പോലീസാവണം എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ആദ്യ പോസ്റ്റിംഗ് തന്നെ സംഭവബഹുലമായിരുന്നു, സൗമ്യ എന്ന പോലീസുകാരിയെ സംബന്ധിച്ച്. കേരള പോലീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ തിരുവനന്തപുരം വനിതാ ബെറ്റാലിയനിലാണ് ആദ്യ പോസ്റ്റിംഗ് ലഭിച്ചത്.
എന്നാല്‍ പോലീസുകാരായ അച്ഛനെയും സഹോദരനെയും സംബന്ധിച്ച് അവര്‍ക്ക് ഏറ്റവും അഭിമാനം തോന്നിയത്, ആദ്യ സേവനത്തില്‍ തന്നെ പ്രളയം നാശം വിതച്ച ചെങ്ങന്നൂരില്‍ ശുചീകരണ പ്രവൃത്തികളില്‍ എര്‍പ്പെടുന്ന സൗമ്യയെ കണ്ടപ്പോഴാണ്. ക്യാമ്പിലേക്കുള്ള ആവശ്യസാധനങ്ങളുമായി വന്ന ചേട്ടനോട് സൗമ്യ പറഞ്ഞത് ഇങ്ങനെയാണ്…
‘ട്രെയിനിങ് കഴിഞ്ഞിട്ട് ആദ്യത്തെ ഡ്യൂട്ടി ആണ്..പക്ഷെ ഇത് മാത്രം മതി ഏട്ടാ ജീവിത കാലം മുഴുവന്‍ ഓര്‍ക്കാന്‍..’ വ്യത്യസ്തമായ ആ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ മലയാളികള്‍ ഒന്നുചേര്‍ന്ന് കയ്യടിക്കുകയാണ് ഈ പോലീസ് കുടുംബത്തിന്. അതിങ്ങനെ…
ഞങ്ങളുടെ അച്ഛന്‍ കണ്ണൂര്‍ പഴയങ്ങാടി എസ് ഐ ആയി വിരമിക്കുന്ന സമയത്തുള്ള യാത്രയയപ്പിന്റെ വൈകാരിക നിമിഷങ്ങളിലൊന്നില്‍…..അല്ലെങ്കില്‍ അതിലും എത്രയോ മുന്നേ ആവണം ഒരു പോലീസുകാരന്‍ ആവണം എന്ന ആഗ്രഹം എന്നില്‍ ഉണ്ടായത്..ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും കൂടെ അച്ഛന്റെയും അമ്മയുടെയും പൂര്‍ണ പിന്തുണയും കൂടി ആയപ്പോള്‍ ഞാനും പോലീസിന്റെ കാക്കി ഇട്ടു…തൊപ്പി അണിഞ്ഞു..ബൂട്ട് കെട്ടി.. ഒരു ‘ചെറിയ’പൊലീസുകാരനായി..
എന്റെ ആഗ്രഹം മുളപൊട്ടിയ സമയത്തു തന്നെയാവണം എന്റെ അനുജത്തിയും ഒരു പൊലീസുകാരി ആവണം എന്ന സ്വപ്നം കണ്ടു തുടങ്ങിയത്..അവളും അവളുടെ സ്വപ്നത്തെ കീഴടക്കുക തന്നെ ചെയ്തു..കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ ഞങ്ങളെ സാക്ഷി നിര്‍ത്തി കേരള പോലിസ് അക്കാഡമിയില്‍ നിന്നും ഒരു പൊലീസുകാരിയായി അവള്‍ പുറത്തിറങ്ങി..
ഇനിയാണ് എന്റെ ജീവിതം എനിക്ക് സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷത്തിന്റെ വിശദീകരണം..
കഴിഞ്ഞ ദിവസം കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നും ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വണ്ടിയില്‍ ഞാനും ഉണ്ടായിരുന്നു..കണ്ണൂരില്‍ ഞങ്ങള്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ ചെങ്ങന്നൂരില്‍ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല..അവിടെ ഞങ്ങള്‍ കണ്ട കാഴ്ച അങ്ങേയറ്റം വേദനാപൂര്‍മായിരുന്നു….വീടും സ്വത്തും നഷ്ടമായവര്‍…ഉറ്റവരെ നഷ്ടമായവര്‍…കാണാതെപോയ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നവര്‍….സങ്കടകരമായിരുന്നു എല്ലാം…
തിരുവല്ല,അമ്പലപ്പുഴ ഭാഗങ്ങളില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച എന്റെ കണ്ണിനെയും മനസിനെയും ഒരുപോലെ നിറച്ചു..അവിടെ ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്റെ അനിയത്തി.ആ നാട്ടുകാരില്‍ ഒരാളെന്ന പോലെ കഷ്ടപ്പെടുന്ന എന്റെ അനിയത്തി…ഞാന്‍ കരുതി..’അവള്‍ വിചാരിക്കുന്നുണ്ടാവുമോ ഈ പണിക്കു വേണ്ടിയാണല്ലോ ഞാന്‍ പോലീസില്‍ വന്നത്’എന്ന്…
പക്ഷെ എന്റെ സകല പ്രതീക്ഷകളെയും കീഴ്‌മേല്‍ മറിച്ചുകൊണ്ട് അവള്‍ എന്റെ അടുക്കലേക്ക് ഓടി വന്നു..എന്നെ ചേര്‍ത്ത് പിടിച്ചു…നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞത് ഇങ്ങനെയാണ്…’ട്രെയിനിങ് കഴിഞ്ഞിട്ട് ആദ്യത്തെ ഡ്യൂട്ടി ആണ്..പക്ഷെ ഇത് മാത്രം മതി ഏട്ടാ ജീവിത കാലം മുഴുവന്‍ ഓര്‍ക്കാന്‍…അത്രമാത്രം എനിക്ക്,ഞങ്ങള്‍ക്ക് എല്ലാര്ക്കും ചെയ്യാന്‍ പറ്റുന്നുണ്ട് ഇവിടെ’ എന്ന്…പൊലീസിങ് എന്നത് ഒരു സേവനം ആണെന്ന് കുറഞ്ഞ നാളുകള്‍ കൊണ്ട് തിരിച്ചറിഞ്ഞ എന്റെ അനിയത്തി എന്നെ അത്ഭുതപ്പെടുത്തി.. ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം ഞങ്ങളും അവരില്‍ ഒരാളായി.
അവിടുത്തെ കുട്ടികളുടെ എല്ലാം നഷ്ടമായ നിഷ്‌കളങ്ക മുഖഭാവം വല്ലാതെ തളര്‍ത്തി. സ്വന്തം നാട്ടിലെ പല കുട്ടികളുടെ മുഖഛായകള്‍ മിന്നിമറഞ്ഞു. കൈയ്യില്‍ കിട്ടിയ ക്രീം ബിസ്‌കറ്റുകള്‍ മുഴുവന്‍ അവര്‍ക്കു കൊടുത്തു. അവരുടെ സന്തോഷത്തിന് അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ഏട്ടന്‍ എന്ന നിലയില്‍,ഒരു പോലീസുകാരന്‍ എന്ന നിലയില്‍,ഒരു പോലീസുകാരന്റെ മകന്‍ എന്ന നിലയില്‍ എന്റെ അഭിമാനം കൊടുമുടി കയറി….ഈ അനുഭവം അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛന്റെ കണ്ണില്‍ ഞാന്‍ കണ്ട തിളക്കവും സന്തോഷത്തിന്റേതായിരുന്നു…നിറഞ്ഞ അഭിമാനത്തിന്റേതായിരുന്നു….. എന്നും പാവപ്പെട്ട ജനങ്ങളുടെ കൂടെ.