പോലീസുകാരന് അപമര്യാദയായി പെരുമാറിയെന്ന നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്.
അര്ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പോലീസുകാരന് പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നുമാണ് ഇയാളുടെ ന്യായീകരണം.
അതേസമയം, പൊലീസുകാരനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പോലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു.
ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി രാത്രി യാത്ര നടത്തുന്നതിനിടെ കൊച്ചിയില്‍ പോലീസുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു വീട്ടിലേക്കു പോകുന്നത് എന്നായിരുന്നു പോലീസുകാര്‍ ചോദിച്ചതെന്നും കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളില്‍ പങ്കുവച്ച പോസ്റ്റില്‍ അര്‍ച്ചന പറയുന്നു.