ആലപ്പുഴ: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി പോലീസ്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 പ്രകാരമാണ് പോലീസ് നടപടികൾ ശക്തമാക്കിയത്.
ഓപ്പറേഷൻ ബ്രോക്കണ്‍ വിന്േറാ എന്ന പേരിൽ ആരംഭിച്ച പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുറ്റകൃത്യങ്ങളിലേർപ്പെട്ട് വാറണ്ട് പ്രതികളായി കഴിഞ്ഞിരുന്ന 1538 പേരെയും ക്രിമിനൽ കേസുകളിലുൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 30 പേരെയും അറസ്റ്റ് ചെയ്തു.
അക്രമങ്ങളുണ്ടാകുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ പതിവായി ഏർപ്പെടുന്നവരും ക്രിമിനൽ സ്വഭാവമുള്ളവരുമായ 560 പേരെ കരുതൽ തടങ്കലിലുമാക്കി. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതി തയാറാക്കി മൂന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുകയും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കുറ്റകൃത്യങ്ങളിലുൾപ്പെട്ടവരുടെ വിവരം ശേഖരിച്ച് വിശദമായ പരിശോധന നടത്തിയാണ് നടപടി.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് പ്രത്യേക പരിശോധനകളും നടത്തിയിരുന്നു. സാമൂഹ്യവിരുദ്ധരും ക്വട്ടേഷൻ സംഘങ്ങളും കേന്ദ്രീകരിക്കുന്ന പ്രദേശങ്ങൾ നിരീക്ഷിച്ചായിരുന്നു അറസ്റ്റുകളേറെയും.