ഒറ്റപ്പാലം: ജില്ലയിൽ ആയിരത്തിനു പുറത്ത് പോലീസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു. മറ്റു ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. ഇവരുടെ ഒഴിവുനികത്താൻ സർക്കാർതലത്തിൽനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
പോലീസ് ക്യാന്പുകളിൽനിന്നും ട്രെയിനികളെ വരുത്തിയാണ് മിക്കപ്പോഴും നിർണായകഘട്ടങ്ങളിൽ ക്ഷാമം പരിഹരിക്കുന്നത്. പ്രധാന സ്റ്റേഷനുകളിൽപോലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ്. അമിതജോലിഭാരംമൂലം പോലീസുകാർ വലയുകയാണ്. അത്യാവശ്യത്തിനുപോലും ലീവെടുക്കാൻ ഇവർക്കാകുന്നില്ല.
ലീവ് ലഭിക്കാത്തതും വിശ്രമക്കുറവും ജോലിഭാരവുംമൂലം മിക്കവരും കടുത്ത മാനസിക സംഘർഷത്തിലും പിരിമുറക്കത്തിലുമാണ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ വേണ്ടതുപോലെ പരിഗണിക്കാനോ സമയബന്ധിതമായി പരാതികളിൽ തീർപ്പുണ്ടാക്കാനോ കഴിയുന്നുമില്ല.
പ്രധാന സ്റ്റേഷനുകളിൽപോലും നൂറിനടുത്ത് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഒറ്റപ്പാലം അടക്കമുള്ള സ്റ്റേഷനുകളിൽ ട്രാഫിക് പോലീസ് സംവിധാനം കാര്യക്ഷമമല്ല. ഇവരെ മറ്റു കാര്യങ്ങൾക്കുകൂടി ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം ട്രാഫിക് യൂണിറ്റുകളുടെ പ്രവർത്തനവും താളംതെറ്റുകയാണ്.
ഹോംഗാർഡുകളെ ഉപയോഗിച്ചാണ് ഭൂരിഭാഗം സ്റ്റേഷനുകളിലും ട്രാഫിക് സംവിധാനം നടപ്പാക്കുന്നത്. ഇതിനുപുറമേ ഹോംഗാർഡുകളെ കയറ്റിയാണ് ഉദ്യോഗസ്ഥർ പലരും വാഹനങ്ങളിൽ പുറത്തുപോകുന്നത്.
ക്രമമനുസരിച്ച് നാലുപേർ ചെയ്യേണ്ട ജോലികളാണ് ഒരാളെ ഉപയോഗിച്ച് വിവിധ സ്റ്റേഷനുകളിൽ നടത്തിവരുന്നത്. വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കുപോലും അവധികിട്ടാത്ത സ്ഥിതിയാണുള്ളതെന്നു ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.
അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം എന്നിവയ്ക്കുപോലും അവധി കിട്ടുന്നില്ലത്രേ. പ്രധാനകാര്യങ്ങൾക്കായി മുൻകൂട്ടി അവധിക്ക് അപേക്ഷിച്ചാൽപോലും സമയത്തിന് അംഗീകരിച്ചു കിട്ടാറില്ലെന്നും ഇവർ കുറ്റപ്പെടുത്തി. പല സ്റ്റേഷനുകളിലും അഞ്ച് എസ്ഐമാർ വേണ്ടിടത്ത് ഒരാളെ വച്ചാണ് കാര്യങ്ങൾ നടത്തുന്നത്.
ഭൂരിഭാഗം സ്റ്റേഷനുകളിലും സ്റ്റേഷൻ രൂപംകൊണ്ട കാലത്തുള്ള ഉദ്യോഗസ്ഥരാണ് ഇപ്പോഴുമുള്ളതെന്നാണ് പറയപ്പെടുന്നത്. പുതിയ പോലീസ് സ്റ്റേഷനുകൾ ഉണ്ടാകാത്തതും മുഖ്യപ്രശ്നമാണ്. ജനസംഖ്യാനുപാതം അനുസരിച്ച് പോലീസുകാരെ നിയോഗിക്കണമെന്ന മാനദണ്ഡം ഒരിടത്തും പാലിക്കപ്പെടുന്നില്ല.
വനിതാ പോലീസുകാരുടെ എണ്ണത്തിലും വൻതോതിൽ കുറവുണ്ട്. ജനമൈത്രി പോലീസ് സംവിധാനങ്ങൾ ജില്ലയിലാകമാനം അവതാളത്തിലാണ്. ഉദ്യോഗസ്ഥരുടെ കുറവുതന്നെയാണ് ഇതിനു കാരണം.
പ്രശ്നങ്ങളും രാഷ്ട്രീയസംഘർഷങ്ങളും പതിവായി നടക്കുന്ന സ്റ്റേഷൻ പരിധികളിൽപോലും ഉദ്യോഗസ്ഥക്ഷാമം വില്ലനാകുകയാണ്. ഉള്ള പോലീസുകാർക്ക് ആവശ്യത്തിനു വിശ്രമിക്കാൻ ഇടമില്ലാത്തതും താമസസൗകര്യകുറവും മറ്റൊരു പ്രശ്നമാണ്.
വിവിധ സ്റ്റേഷനുകളിലുള്ള ഉദ്യോഗസ്ഥ·ാരിൽ പലരും എസ്ബി, എസ്എസ്ബി എന്നിവയിലേക്കോ റെയിൽവേ, വിജിലൻസ്, ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്ച്മെന്റ് എന്നിവയിലേക്കും മാറ്റത്തിനുള്ള ശ്രമത്തിലാണ്. ജോലിഭാരം കുറവുള്ള ഡിപ്പാർട്ട്മെന്റുകളാണിവ.