ഒറ്റപ്പാലം: പൊതുസമൂഹത്തിന് ഭീഷണി ആയവരെ അമർച്ച ചെയ്യുന്നതിനും ഇവരെ കണ്ടെത്തുന്നതിനും പോലീസ് വിവരശേഖരണം തുടങ്ങി. ഗുണ്ടകളുടെയും ക്വട്ടേഷൻ കാരുടെയും ശല്യം നിയന്ത്രിക്കാൻ മുന്‍പ് ഷാഡോ പോലീസിനെ ഉപയോഗിച്ച മാതൃകയിൽ തന്നെയാണ് പുതിയ സംവിധാനത്തിനും പോലീസ് തയ്യാറായിട്ടുള്ളത്.
സ്ഥിരം അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവർ, അവസരം കിട്ടുന്പോൾ അക്രമത്തിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ വിവിധ തരത്തിൽ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ ആണ് പോലീസ് നടപടികൾ തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതികളുടെ വിവരശേഖരണം ആരംഭിച്ചുകഴിഞ്ഞു.
ഇതോടൊപ്പം ഓപ്പറേഷൻ ഗുണ്ടാ ,ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ, ഓപ്പറേഷൻ മണ്‍സൂണ്‍ എന്നീ പദ്ധതികളുടെ ഭാഗമായിരുന്നവരെ ചേർത്താണ് പുതിയ അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത്. ഇവരാണ് മേൽപറഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയും ക്രിമിനലുകൾ ആരൊക്കെയാണെന്ന് തരം തിരിക്കുകയും ചെയ്യുക. സമീപകാലത്തായി ബ്ലേയ്ഡ് മാഫിയ സംഘങ്ങൾ വീണ്ടും സജീവമായതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇത്തരക്കാരെ അമർച്ചചെയ്യാൻ പോലീസ് തയ്യാറാക്കിയ ഓപ്പറേഷൻ കുബേര സമീപകാലത്ത് നിർജ്ജീവമായത് ബ്ലേഡ് മാഫിയകളുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായതായി ആണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കർശന നടപടികൾ സ്വീകരിക്കാൻ പുതിയ പോലീസ് സ്കോഡ് രൂപീകരണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്.
സമീപകാലത്തായി ക്വട്ടേഷൻ സംഘങ്ങളുടെ അക്രമങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കൂടിവരുന്നതായാണ് ആഭ്യന്തരവകുപ്പിലെ വിലയിരുത്തൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ സെക്യൂരിറ്റി കേസുകൾ സംഘം രജിസ്റ്റർ ചെയ്യും. റൗഡി ഹിസ്റ്ററി ഷീറ്റുകൾ തുറന്ന് ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തീരുമാനമുണ്ട്.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ക്കെതിരെ 107 സിആർപിസി 151 സിആർപിസി കാപ്പാ തുടങ്ങിയ നിയമങ്ങളുടെ സഹായത്തോടെ നടപടിയെടുക്കും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവരും ഒന്നിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമായ എല്ലാ പ്രതികളുടെയും വിവരശേഖരണം നടന്നുവരികയാണ്.
മേൽപറഞ്ഞ പ്രതികളായ ആളുകളുടെ വിവരശേഖരണത്തിന് ഒപ്പം ഇവർ വിവിധ സ്ഥലങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ കൂട്ടുപ്രതികൾ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ എന്നിവയും ശേഖരിക്കും. ഇത്തരക്കാർക്കു മേൽ കർശന നിരീക്ഷണവും ഉണ്ടാകും. സമീപകാലത്തായി ക്വാട്ടേഷൻ സംഘാംഗങ്ങളും ഗുണ്ടകളും വ്യാപകമായി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.