സ്വന്തം ലേഖകൻ
പാലക്കാട്: ഇരട്ടക്കൊലപാതകത്തെ തുടർന്ന് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും ചില മർമപ്രധാന കേന്ദ്രങ്ങളിലും ജില്ല അതിർത്തികളിലും വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കർശനമാക്കിയിട്ടുണ്ട്.
എന്നാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള വാഹന പരിശോധനയും ചോദ്യം ചെയ്യലുമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പലരും പരാതിപ്പെട്ടു.
വണ്ടിയിൽ ആയുധമുണ്ടോടാ എന്ന് പരസ്യമായി ചോദിച്ചാണ് ചിലയിടത്ത് പോലീസ് വാഹനത്തിനടുത്തേക്ക് വരുന്നതു തന്നെയെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
പലയിടത്തും ഇത്തരം ചോദ്യങ്ങൾ യാത്രക്കാരും പോലീസുമായി വാക്കുതർക്കങ്ങൾക്കുമിടയാക്കുന്നുണ്ട്.നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പാലക്കാടും പരിസരത്തും കർശന പോലീസ് പരിശോധന നടത്തുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപെടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.
ഏപ്രിൽ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരെ പാലക്കാട് ജില്ലയിൽ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്.
എഡിജിപി വിജയ് സാഖറെ ജില്ലയിൽ ക്യാന്പു ചെയ്യുന്നുണ്ട്. എഡിജിപിയുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേർന്ന് കേസുകളിലെ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.