കൊച്ചി: സ്റ്റേഷനിലെ വെള്ളിയാഴ്ച പരേഡിനിടെ കീഴുദ്യോഗസ്ഥനെ ഹാര്‍ബര്‍ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധിക്കുമെന്ന് സൂചന. സ്റ്റേഷനിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന ആവശ്യം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയരുന്നുമുണ്ട്. സംസ്ഥാന ഇന്റലിജന്‍സും ഇക്കാര്യം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ പത്തിന് രാവിലെ നാല് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര് അണിനിരന്ന പരേഡിനിടെയായിരുന്നു കീഴ് ഉദ്യോഗസ്ഥനോട് എസ്എച്ച്ഒയുടെ നിലവിട്ട പെരുമാറ്റം ഉണ്ടായത്. അസഭ്യം പയരുതെന്ന് കീഴുദ്യോഗസ്ഥന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളം എസിപിയുടെ വാഹനം കേടായത് നന്നാക്കിയതിന്റെ പണം തന്റെ പക്കല്‍നിന്നും കൊടുക്കേണ്ടി വന്നതിലടക്കമുള്ള അമര്‍ഷം മൂലമാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും വിവരമുണ്ട്.ഈ ഉദ്യോഗസ്ഥനെതിരേ മുമ്പും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഉച്ചഭക്ഷണം കഴിക്കാന്‍ പോയി തിരികെ സ്റ്റേഷനിലെത്തിയ വനിതാ ഉദ്യോഗസ്ഥയോടെ അകാരണമായി ദേഷ്യപ്പെട്ടിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശകാരത്തില്‍ ഉദ്യോഗസ്ഥ മാനസികമായി തകര്‍ന്നു പോയി. പിന്നീട് മറ്റ് ഉദ്യോസ്ഥര്‍ ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. നിലവില്‍ രണ്ട് സംഭവങ്ങളിലായി ഈ ഉദ്യോഗസ്ഥനെതിരേ വകുപ്പ്തല അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പോലീസ് അസോസിയേഷന് ഇന്ന് കമ്മീഷണര്‍ക്കും ഡിസിപിക്കും നിവേദനം നല്‍കും. എസ്എച്ച്ഒയുടെ മോശമായ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നപ്പോള്‍ പോലീസ് അസോസിയേഷന് ഇടപെട്ടിരുന്നു. വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിസിപിക്കും നിവേദനം നല്‍കും.