കോട്ടയം: കോവിഡ് വ്യാപനത്തിനിടയിലും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ജില്ലയിലെ വിവിധ റോഡുകളിൽ പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കെതിരേ പോലീസിൽ തന്നെ പ്രതിഷേധം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് ചീഫിന്റെ നിർദേശാനുസരണമാണ് ജില്ലയിലെ വിവിധ റോഡുകളിൽ പോലീസ് ഇന്നു രാവിലെ പ്രത്യേക പരിശോധനകൾ ആരംഭിച്ചത്.
കോവിഡ് കാലമായതിനാൽ മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന സാധിക്കില്ല. റോഡിലൂടെ വരുന്ന ഓരോ വാഹനങ്ങളും കൈകാണിച്ചു നിർത്തി വാഹനമോടിക്കുന്നവരോട് വിവരങ്ങൾ തിരക്കി പരിശോധിക്കുകയാണ് ചെയ്യുന്നത്.
മദ്യപിച്ചതായി സംശയം തോന്നുന്നവരെ രക്ത പരിശോധനകൾ നടത്തുന്നതിനായി ആശുപത്രികളിലേക്കു കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. കോവിഡ് വ്യാപനത്തിനിടയിലും ഇത്തരം പരിശോധനകൾ നടത്തുന്നതിനോട് ഒരു വിഭാഗം പോലീസുകാർക്കു വിയോജിപ്പുണ്ട്.