സ്വന്തം ലേഖകന്‍
കോഴിക്കോട് : ലോക്ക്ഡൗണിലെ യാത്രയ്ക്കുള്ള പാസിന്റെ ദുരുപയോഗത്തിനെതിരേ കര്‍ശന നടപടിയുമായി പോലീസ്. യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് പാസ് ലഭിക്കാനുള്ള അവസരം തടസപ്പെടുത്തിയാണ് പലരും അനാവശ്യകാര്യത്തിന് പുറത്തിറങ്ങാൻ പാസിന് അപേക്ഷിക്കുന്നത്.
ഇതോടെ പോലീസ് കര്‍ശന നിബന്ധനകളും സ്വീകരിച്ചുതുടങ്ങി. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പാസ് സംഘടിപ്പിച്ച് യാത്രചെയ്യുന്നവരുണ്ടോയെന്ന് പിക്കറ്റ് പോസ്റ്റുകളിലെ പോലീസുകാര്‍ നിരീക്ഷിക്കുന്നുണ്ട്.
ഉത്തരമേഖലയില്‍ കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ , വയനാട്, മലപ്പുറം ജില്ലകളിലായി 57463 പേരാണ് ഇന്നലെ വൈകിട്ട് അഞ്ചുവരെ പാസിനായി അപേക്ഷിച്ചത്.
ഇതില്‍ 6552 പേര്‍ക്ക് യാത്രാനുമതിക്കായി പാസ് നല്കി. 29103 പേരുടെ അപേക്ഷകള്‍ തള്ളി. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. 25,014 പേരാണ് മലപ്പുറത്ത് നിന്ന് പാസിനായി അപേക്ഷിച്ചത്.
ഇവിടെ 3266 പേര്‍ക്ക് മാത്രമാണ് പാസ് അനുവദിച്ചത്. 17611 പേരുടെ അപേക്ഷ പോലീസ് തള്ളി.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ പോലീസിന്റെ പാസിനായിഇന്നലെ വൈകിട്ട് അഞ്ചുവരെ അപേക്ഷിച്ചത് 24225 പേരാണ്.
അപേക്ഷകരില്‍ കൂടുതലും കോഴിക്കോട് റൂറല്‍ പോലീസ് പരിധിയിലാണുള്ളത്. റൂറല്‍ സ്പെഷല്‍ബ്രാഞ്ചില്‍ 14535 അപേക്ഷകളാണ് എത്തിയത്. ഇതില്‍ 1522 അപേക്ഷകള്‍ക്ക് മാത്രമാണ് അനുവദിച്ചത്.
3552 അപേക്ഷകള്‍ തള്ളി. മറ്റുള്ളവ പോലീസ് പരിശോധിച്ചുവരികയാണ്. അപേക്ഷകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രകള്‍ക്കാണ് പോലീസ് പ്രഥമ പരിഗണന നല്‍കുന്നത്.
ഇതിനൊപ്പം എയര്‍പോര്‍ട്ട് യാത്രയ്ക്കും അനുമതി തേടി നിരവധി അപേക്ഷകള്‍ എത്തുന്നുണ്ട്. ഇവയ്ക്കും റൂറല്‍ പോലീസ് അനുമതി നല്‍കുന്നുണ്ട്.
മറ്റു അപേക്ഷകളില്‍ ചിലത് മാത്രമാണ് പരിഗണിക്കുന്നത്. കോഴിക്കോട് സിറ്റിയില്‍ വൈകിട്ട് അഞ്ചുവരെ 9690 അപേക്ഷകളായിരുന്നു എത്തിയത്. ഇതില്‍ 764 അപേക്ഷകള്‍ അനുവദിച്ചു.
716 അപേക്ഷകള്‍ പോലീസ് തള്ളി. അത്യാവശ്യ യാത്രയെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സിറ്റി പരിധിയില്‍ അപേക്ഷ നല്‍കുന്നത്.
വയനാട് ജില്ലയില്‍ 8224 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 1000 പേര്‍ക്കാണ് വൈകിട്ട് അഞ്ചുവരെ അനുമതി നല്‍കിയത്. 7224 പേരുടെ അപേക്ഷ പോലീസ് തള്ളി.