സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്കു ബഹുമതിയായി നല്‍കുമെന്ന് പ്രഖ്യാപിച്ച ‘കോവിഡ് വാറിയര്‍’ എന്ന് രേഖപ്പെടുത്തിയ പതക്കത്തിന് ‘കണക്കില്ല’ ! പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍നിന്നു തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ 5,00,000 രൂപ ചെലവില്‍ പതക്കം വാങ്ങിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ രേഖയിലുള്ളത്.
പതക്കം വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും സേനയിലെ എത്രപേര്‍ക്ക് വിതരണം ചെയ്തുവെന്നതില്‍ ആഭ്യന്തരവകുപ്പിന് വ്യക്തതയില്ല. ‘അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായി 5000 കോവിഡ് വാറിയര്‍ പിന് വിവിധ യൂണിറ്റ് മേധാവികള്‍ക്ക് വിതരണം ചെയ്തെന്ന് മാത്രമാണ് ആഭ്യന്തരവകുപ്പിന് അറിയുക.
ഇവ യൂണിറ്റ് മേധാവികള്‍ ഏതെല്ലാം പോലീസുകാര്‍ക്ക് നല്‍കിയെന്നത് ഇപ്പോഴും അവ്യക്തമാണ്.2956 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ലുധിയാനയിലുള്ള ബികെവി എന്റര്‍പ്രൈസസില്‍ നിന്നാണ് കേരള പോലീസിന്റെ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംതൃപ്തി കഫറ്റേരിയ പതക്കം വാങ്ങിയത്.
കേരളത്തില്‍ ധാരാളം കമ്പനികള്‍ ഇത്തരത്തിലുള്ള പതക്കം നിര്മിക്കുമെന്നിരിക്കെ പഞ്ചാബിലെ കമ്പനിയെ തെരഞ്ഞെടുത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. ഈ കമ്പനിയില്‍നിന്ന് തന്നെ പതക്കം വാങ്ങാനുണ്ടായ സാഹചര്യം ഇപ്പോഴും അവ്യക്തമാണ്.
അഞ്ച് ലക്ഷം രൂപയുടെ പതക്കം വാങ്ങിയെങ്കില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമേ പര്‍ച്ചേസ് നടത്താവൂ. ബികെവി എന്റര്‍ പ്രൈസസിനെ തെരഞ്ഞെടുത്തത് ടെന്‍ഡര്‍ നടപടി പൂര്ത്തീകരിച്ചാണോയെന്നതും ദുരൂഹമാണ്. പര്‍ച്ചെയ്സ് കമ്മിറ്റി തീരുമാനപ്രകാരമാണ് ഇവ വാങ്ങുന്നത്.
വിതരണം ചെയ്യുന്നതും ഇതേ കമ്മിറ്റി തീരുമാനപ്രകാരമാണ്. എന്നാല്‍ നാളിതുവരെയായിട്ടും ലുധിയാനയില്‍ നിന്നെത്തിച്ച പതക്കം എത്രപോലീസുകാര്ക്ക് നല്കിയെന്നതില് കണക്കുകള്‍ സൂക്ഷിക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ശക്തമാണ്.
പതക്കത്തിന്റെ പേരില്‍ വന്‍ അഴിമതി സേനയില്‍ നടക്കാനുള്ള സാധ്യതയേറെയാണെന്നാണ് പോലീസുകാര്‍ പറയുന്നത്. സംസ്ഥാനത്ത് 52,000 പോലീസുകാരാണ് കോവിഡ് ഡ്യൂട്ടി ചെയ്തതെന്നാണ് കണക്കുകള്‍.
കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് വാരിയര്‍ പതക്കം ധരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വിരമിക്കാനിരിക്കെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സേനയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതുവരേയും പതക്കം ലഭിച്ചിട്ടില്ല.
ഏതാനും ചില യൂണിറ്റുകളില്‍ മേധാവിമാര്‍ ചില പോലീസുകാര്‍ക്ക് മാത്രമാണ് പതക്കം വിതരണം ചെയ്തത്. മറ്റുള്ള സ്ഥലങ്ങളിലൊന്നും വിതരണം ചെയ്തിട്ടില്ല. പതക്കവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു 2020 ഓഗസ്റ്റ് 17 ന് ഡിജിപി പ്രഖ്യാപിച്ചത്.
പിന്നീട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പതക്കം പണം നല്കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോലീസ് ആസ്ഥാനത്തെ ഇമെയിലില്‍ റജിസ്റ്റര്‍ ചെയ്യുകയോ പോലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇത് വന്വിാദമായി മാറി.
ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ പോലീസുകാരില്‍ ബഹുഭൂരിപക്ഷം പേരും പണം കൊടുത്ത് വാങ്ങുന്ന ബഹുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു. നൂറു രൂപ നല്കി പതക്കം വാങ്ങാന്‍ പോലീസുകാര്‍ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കികൊണ്ട് അന്നത്തെ കെഎപി മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് ജെ. ജയനാഥ് ഡിജിപിക്ക് റിപ്പോര്‍ട്ടും നല്കി.
ഇത് ഏറെ ചര്‍ച്ചയായി മാറുകയും പതക്കവിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ വിരമിക്കാനിരിക്കെ ഡിജിപി വീണ്ടും പതക്കം ഏവര്‍ക്കും യൂണിഫോമില്‍ പിന് ചെയ്തു ധരിക്കാമെന്ന് ഉത്തരവിറക്കി. അതേസമയം സൗജന്യമായാണോ പതക്കം എന്നതില്‍ അവ്യക്തത നിലനിന്നു.
പുതുതായി ചുമതലയേറ്റ് ഡിജിപില് അനില്‍കാന്തും പതക്കം സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയില്ല. അതിനിടെയാണ് നിയമസഭയില്‍ പതക്കം സംബന്ധിച്ചുള്ള ചോദ്യമുയര്‍ന്നത്. അതേസമയം പതക്ക വിതരണവുമായി ബന്ധപ്പെട്ട മറുപടിയില്‍ വ്യക്തതതയില്ലാത്തതിനാല് ഉപചോദ്യം ഉന്നയിക്കുമെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫ് രാഷ്ട്രദീപികയോട് പറഞ്ഞു.
