കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകന്റെ കേസ് ചേവായൂർ പോലീസ് മൂടിവയ്ക്കാൻ ശ്രമിച്ചത് വൻ വിവാദമാകുന്നു. പ്രതി ബിജെപി പ്രവർത്തകനായതിനാലാണ് കേസിന്റെ വിവിരങ്ങൾ പുറത്തുവിടാൻ ചേവായൂർ സ്റ്റേഷൻ അധികാരികൾ മടിച്ചതെന്ന് പോലീസ് സേനയിലുള്ളവർ തന്നെ സമ്മതിക്കുന്നു.
രണ്ട് ദിവസം മുന്പാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പിടിയലാകുന്നത്. വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ചേവായൂർ നെയ്തുക്കുളങ്ങര പുതിയോട്ടിൽ മോഹനൻ(51)നെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമായ പോക്സോ പ്രകാരമാണ് കേസെടുത്തത്. എന്നാൽ സംഭവം ആരുമറിയാതെ ഒതുക്കാനാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
തിങ്കളാഴ്ച്ച മുതൽ പോലീസിനെ ബന്ധപ്പെട്ട മാധ്യമങ്ങളോട് ഒരു കേസും ഇവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സ്റ്റേഷൻ അധികാരികൾ പറഞ്ഞത്. എസ്ഐയെയും മറ്റും ഇന്ന് രാവിലെ ബന്ധപ്പെട്ടപ്പോൾ സിഐ ഓഫീസിലാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു മറുപടി. എന്നാൽ പ്രായപൂർത്തിയായ കുട്ടികൾ ഉൾപ്പെട്ട കേസിന്റെ വിവരം പുറത്തുപറയാൻ സാധിക്കില്ലെന്ന വാദവും നേരത്തെ പോലീസ് നിരത്തിയിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെടാനൊരുങ്ങുകയാണ് സിപിഎം. വിഷയം പരിശോധിക്കുമെന്നും പോലീസിന് സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ സിപിഎം ഇടപെടുമെന്നും ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. പീഡന കേസുകളിൽ കർശന നിലപാടെടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇത്തരം കേസുകളിൽ പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ പോലീസ് തയാറാവാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.