ആലപ്പുഴ: മണൽ കടത്തിനെ എതിർത്തതിന്റെ പേരിൽ മണൽ മാഫിയയും പോലീസും ചേർന്ന് കുടുംബത്തെ പീഡിപ്പിക്കുന്നതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാർഡ് കണ്ണേവെളി ബാബുവും കുടുംബവുമാണ് മണൽമാഫിയായ്ക്കും മാരാരിക്കുളം പോലീസിനുമെതിരേ പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തെക്കുറിച്ച് ബാബു പറയുന്നതിങ്ങനെ: വീടിനു സമീപത്തുനിന്നും പ്രദേശവാസികളായ സഹോദരങ്ങൾ മണൽ കടത്തുന്നതിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസവും ലോറിയിൽ മണൽ കടത്താനുള്ള ശ്രമം ബാബുവിന്റെ മകൻ അജേഷ് തടസപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ 13നു വൈകുന്നേരം മൂന്നോടെ ആറംഗസംഘം വീട്ടിൽക്കയറി അജേഷിനെയും ഭാര്യ ശരണ്യയെയും മർദിക്കുകയായിരുന്നു.
അബോർഷൻ കഴിഞ്ഞു വിശ്രമത്തിലായിരുന്ന ശരണ്യയ്ക്കു ആക്രമണത്തിൽ ബോധക്ഷയമുണ്ടായി. ശബ്ദംകേട്ടെത്തിയ ബന്ധുക്കൾ ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജേഷിനെ താൻ ഹോസ്പിറ്റലിൽ കൊണ്ടുപോയ്ക്കൊള്ളാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു. പിന്നീട് അജേഷിനെതിരെ വിവിധ കേസുകൾ ചുമത്തി റിമാൻഡു ചെയ്തു.
സംഭവം സംബന്ധിച്ച് മാരാരിക്കുളം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കൂടാതെ പരാതിയുമായെത്തിയ തന്നെ പോലീസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചതായും ബാബു പറയുന്നു. ശരണ്യയെ മർദിച്ചതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്കും വനിതാ കമ്മീഷനുമടക്കം പരാതി നൽകിയതു സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്.
ഇതിനിടയിൽ കഴിഞ്ഞദിവസങ്ങളിൽ വീട്ടിലെത്തിയ വനിത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ പരാതി വ്യാജമാണെന്നും ഇതംഗീകരിച്ചു ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതു വീട്ടുകാർ അംഗീകരിച്ചിരുന്നില്ലെന്നും ബാബുവും ശരണ്യയും പറഞ്ഞു. പത്രസമ്മേളനത്തിൽ ബാബുവിന്റെ ഭാര്യ ഉദയമ്മ, ബന്ധുക്കളായ വിപിൻ, ബിജീഷ്, അജിത്ത് ബാബു എന്നിവരും പങ്കെടുത്തു.