ആലപ്പുഴ: ആലപ്പുഴ മംഗലം സ്വദേശിനിയായ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ പിടിയിലായ പ്രൊബേഷണറി എസ്ഐ ലൈജുവിനെ സസ്പെൻഡ് ചെയ്തു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടതായി സംശയമുണ്ട്.
സംഭവത്തിൽ കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഒരു സർക്കിൾ ഇൻസ്പെക്ടറും ഡിവൈഎസ്പിയും സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ സംഭവത്തിലെ ഒന്നാം പ്രതി പുന്നപ്ര സ്വദേശിനി ആതിരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പീഡനത്തിനിരയായ കുട്ടിയുടെ വീട്, മാരാരിക്കുളം, ചേർത്തല തുടങ്ങിയ അഞ്ചു സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ രണ്ടാംപ്രതി പോലീസ് ഉദ്യോഗസ്ഥൻ നെൽസനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. പ്രൊബേഷൻ എസ്ഐ ലൈജു, ജീൻമോൻ, യേശുദാസ് എന്നിവരെയും കൂടുതൽ ചോദ്യം ചെയ്യും. കേസിൽ പിടിയിലായവർക്കെതിരെ പോക്സോ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.