വൈപ്പിൻ: ലൈംഗീക പീഡനത്തിനിരയായ ബാലികയേയും കൊണ്ട് വൈദ്യപരിശോധനക്ക് പോയ രക്ഷിതാക്കളെയും പോലീസിനെയും ആശുപത്രികൾ വട്ടം കറക്കി. എടവനക്കാട് ബന്ധുവായ യുവാവിന്റെ പീഡനത്തെ തുടർന്നുള്ള നിയമനടപടികളുടെ ഭാഗമായാണ് വൈദ്യപരിശോധനക്കായി ബാലികയെ ആശുപത്രിയിൽ കൊണ്ട് പോയത്.
കഴിഞ്ഞദിവസം രാവിലെ ഞാറക്കലിൽ നിന്നും പുറപ്പെട്ട ഇവർ തരിച്ചെത്തിയത് പാതിരാത്രിയാണത്രേ. ഗൈനക്കോളജിസ്റ്റിനെ തേടി ആദ്യം വനിതാപോലീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷിതാക്കളും എറണാകുളം ജനറലാശുപത്രിയിലാണ് എത്തിയത്. ഗൈനക്കോളജിസ്റ്റിനെ കാത്ത് കാണാതെ ഒരു മണിക്കൂറോളം കാത്ത് നിന്ന ഇവർക്ക് അവിടെ നിന്നും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് പോരേണ്ടി വന്നു.
പറവൂരെത്തിയപ്പോൾ അതുവരെ അവിടെയുണ്ടായിരുന്ന ഡോക്ടർ സ്ഥലം വിട്ടു. ഇതോടെ പോലീസ് വീണ്ടും അങ്കലാപ്പിലായി. തുടർന്ന് ആലുവ താലൂക്കാശുപത്രിയിലേക്ക് വിളിച്ച് ഗൈനക്കോളജിസ്റ്റ് സ്ഥലത്തുണ്ടെന്ന് ഉറപ്പ് വരുത്തി പോലീസ് ബാലികയേയും കൂട്ടി അങ്ങോട്ട് പോയി. അവിടെ മറ്റൊരു പീഡനക്കേസിലെ ഇരയായ ബാലികയെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ എത്തിയാൽ കാണാമെന്നും ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ചാണ് പോലീസ് പോയത്. എന്നാൽ അവിടെ ചെന്നപ്പോഴേക്കും ഡോക്ടർ കാത്തു നിൽക്കാതെ സ്ഥലംവിട്ടത്രേ.
ഗത്യന്തരമില്ലാതെ പോലീസ് പിന്നീട് ബാലികയെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു. അപ്പോഴേക്കും സമയം രാത്രി ഏഴര മണി. ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ , ടെസ്റ്റുകൾ എന്നിവ കഴിഞ്ഞപ്പോൾ രാത്രി പത്തര. പിന്നീട് ബാലികയെ തിരികെ വീട്ടിലെത്തിച്ചപ്പോൾ സമയം അർധരാത്രി പന്ത്രണ്ട് മണി. ഡോക്ടർമാരുടെ നിസഹകരണമാണ് ഇതിനു കാരണമെന്നാണ് പോലീസിന്റെ ആരോപണം.
നിയമപരമായി ഇത് ഇവരുടെ ചുമതലയാണെങ്കിലും പലരും ഇങ്ങിനെയുള്ള കേസുകളിൽ വൈദ്യപരിശോധന നടത്താൻ മടികാണിക്കുക പലപ്പോഴും പതിവാണെന്ന് പോലീസ് തുടർന്ന് ചൂണ്ടിക്കാട്ടി. കേസ് കോടതിയിലെത്തുന്പോൾ ഡോക്ടർമാർ ഹാജരാകണമെന്നതാണ് ഇവരെ പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.