അടൂര്‍: കര്‍ക്കിടകവാവു ദിവസമായ ഇന്നലെയും പോലീസിന്റെ പിഴപ്പിരിവിനു കുറവുണ്ടായില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന ഇന്നലെ കര്‍ക്കിടകവാവു പ്രമാണിച്ച് ചെറിയ ഇളവുകള്‍ യാത്രക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പോലീസ് അതിനു തയാറായില്ല.
അടൂര്‍ കെഎസ്്ആര്‍ടിസി കോർണറില്‍ രണ്ടാംഘട്ട കോവിഡ് ആരംഭിച്ച സമയം പോലീസിനു ഡ്യൂട്ടി സമയത്തു വിശ്രമിക്കാന്‍ കെട്ടിയ ടെന്റിനുള്ളില്‍ പിഴപ്പിരിവ് ഊര്‍ജിതമായി എല്ലാദിവസവും നടക്കുന്നുണ്ട്. ഇന്നലെയും അതു തുടര്‍ന്നു.
പുറത്തിറങ്ങിയ ഇരുചക്രവാഹന യാത്രക്കാരെയാണ് രാവിലെ മുതല്‍ തടഞ്ഞത്.
മറ്റു വാഹനങ്ങളിലെത്തിയവരെയും വെറുതെ വിട്ടില്ല. സത്യവാങ്മൂലമോ മതിയായ രേഖകളോ ഇല്ലാതെ വഴിയില്‍ ഇറങ്ങിയ എല്ലാവര്ക്കും പിഴയിട്ടു പോലീസ് പിരിവ് നടത്തി. ഇതോടൊപ്പം വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. ഏതെങ്കിലും വഴിയില്‍ പിഴ ഈടാക്കാനാകുമോയെന്ന ഊര്‍ജിത ശ്രമത്തിലായിരുന്നു പോലീസ്.
യാത്രക്കാരെ വഴിയില്‍ തടഞ്ഞ പോലീസ് സംഘം ടെന്റിനുള്ളില്‍ രസീതുമായി ഇരുന്ന പോലീസുകാരുടെ അടുത്തേക്ക് ഇവരെ പറഞ്ഞുവിട്ടു.
എസ്ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ വാഹനം തടഞ്ഞു രേഖകള്‍ പരിശോധിക്കാവൂവെന്ന നിബന്ധന നിലനില്ക്കവേയാണ് വാഹനത്തിന്റെ അടുക്കല്‍ ചെന്നു രേഖകള്‍ പരിശോധിക്കണമെന്നു നിര്‍ദ്ദേശം നിലനില്‍ക്കേ അതു ലംഘിച്ച് ഒരു പോലീസും ഒരു ഹോം ഗാര്‍ഡും കൂടിയാണ് വാഹനങ്ങള്‍ കൈ കാണിച്ച് നിര്‍ത്തി ടെന്റിലേക്കു വിട്ടത്.
രേഖകളുടെ പരിശോധന പൂര്‍ത്തിയായി പിഴയും അടച്ച് ഒരാള്‍ പോകുമ്പോഴേക്കും കുറഞ്ഞത് അര മണിക്കൂര്‍ വേണ്ടിവന്നു.