പ്ലാന്‍ എയും ബിയും ഒന്നുമല്ല, നടപ്പിലായത് പോലീസിന്റെ പ്ലാന്‍! ബിന്ദുവിനെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചത് പോലീസിന്റെ വിജയകരമായ ആസൂത്രണത്തിലൂടെ; ചരിത്രം കുറിച്ച ആ പ്ലാന്‍ ഇങ്ങനെ

ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളുടെ ശബരിമല പ്രവേശനത്തോടുകൂടി സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ പോലീസിന് സാധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നതോടുകൂടി ഇവരെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനായി പോലീസ് തയാറാക്കിയ പ്ലാനും പുറത്തെത്തിയിരിക്കുന്നു.

യുവതികള്‍ പമ്പയിലെത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. പമ്പയിലുള്ള ഉദ്യോഗസ്ഥനെ കണ്ടാണ് ബിന്ദുവും കനക ദുര്‍ഗയും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇവരോടൊപ്പം പുരുഷന്മാരായ ആറ് തീര്‍ത്ഥാടകരും ഉണ്ടായിരുന്നു. പത്തില്‍ താഴെ മാത്രം പോലീസാണ് അവരെ മഫ്തിയില്‍ പിന്തുടര്‍ന്നത്. മുന്നിലും പിന്നിലുമായാണ് പോലീസ് അവരെ അനുഗമിച്ചത്.

മൂന്നേ കാലോടെ നിര്‍മാല്യം പൂജയ്ക്കായി നട തുറന്നിരുന്നു. പതിനെട്ടാം പടി കയറാതെ വിഐപി ലോഞ്ചിലൂടെ കൊടിമരത്തിന്റെ മുന്നിലെത്തി, ശ്രീകോവിലിന്റെ മുന്നിലെത്തിയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തേയ്ക്ക് അവര്‍ പോയില്ല. പതിനഞ്ച് മിനിട്ടോളമാണ് യുവതികള്‍ സന്നിധാനത്തുണ്ടായിരുന്നത്. വിജയകരമായ ആസൂത്രണമാണ് ഇക്കാര്യത്തില്‍ പോലീസ് നടത്തിയതെന്നതും ശ്രദ്ധേയമാണ്.

പതിനെട്ടാം പടിയില്‍ സാധാരണ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയുള്ളത്. അതുകൊണ്ട് തന്നെ യുവതികള്‍ പമ്പയില്‍ നിന്ന് യാത്ര തിരിച്ചപ്പോള്‍ തന്നെ പോലീസുദ്യോഗസ്ഥര്‍ തമ്മില്‍ വ്യക്തമായ ആശയവിനിമയം നടന്നിരുന്നു എന്നാണ് വിലയിരുത്തേണ്ടത്. അതുപോലെ തന്നെ ശബരിമലയില്‍ നിന്ന് സുരക്ഷിതരായി തിരിച്ചിറക്കിയ പോലീസ് ഇവരെ പത്തനംതിട്ടയില്‍ എത്തിക്കുകയും പിന്നീട് സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. യുവതികള്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഏതായാലും സുപ്രീംകോടതി വിധി, യാതൊരു ക്രമസമാധാന പ്രശ്‌നവും ഇല്ലാതെ നടപ്പിലാക്കിയിരിക്കുന്നു എന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് ഇനി കഴിയും. രാത്രിയില്‍ ഒളിച്ച് കടത്തി എന്ന ആക്ഷേപം നിലനില്‍ക്കും എന്നുമാത്രം.

Related posts