കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് യാതൊരു കാരണവശാലും ജാമ്യം നല്‍കാതിരിക്കാന്‍ പുതിയ അടവുമായി പോലീസ് രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റസമ്മതം നടത്തണമെന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടതായാണ് സൂചന. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ അറിയാമെന്നു സമ്മതിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. ഒരു മലയാളം ന്യൂസ് ചാനലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍, ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്ന നിലപാടില്‍ നാദിര്‍ഷാ ഉറച്ചുനില്‍ക്കുകയാണ്.
ഗൂഢാലോചനയെപ്പറ്റി അറിയാമെന്നു നാദിര്‍ഷായെക്കൊണ്ടു സമ്മതിപ്പിക്കണമെന്ന് സഹോദരന്‍ സമദിനെ വിളിച്ചുവരുത്തി പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ദിലീപിനു പങ്കുള്ളതായി നാദിര്‍ഷാ മൊഴിനല്‍കിയാല്‍ മൊബൈല്‍ഫോണും മെമ്മറികാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ കുറ്റപത്രം തയാറാക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍, നാദിര്‍ഷായില്‍നിന്നും അപ്പുണ്ണിയില്‍നിന്നും അനുകൂല മൊഴി വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
നാദിര്‍ഷായ്ക്കു ജയിലില്‍ നിന്നുവന്ന ഫോണ്‍ കോള്‍, ജയിലില്‍നിന്നു വിഷ്ണു എഴുതിയ സുനിയുടെ കത്ത് എന്നിവ തമ്മില്‍ ബന്ധപ്പെടുത്തണമെങ്കില്‍ നാദിര്‍ഷായുടെ മൊഴി ആവശ്യമാണ്. അമേരിക്കന്‍ പര്യടനത്തിനു മുമ്പായി ഡിജിപിക്കു നല്‍കിയ പരാതിക്കൊപ്പം ഫോണ്‍ ശബ്ദരേഖയുടെ സി.ഡിയും കത്തും ദിലീപ് കൈമാറിയിരുന്നു. ഗൂഢാലോചന സമ്മതിച്ചാല്‍ അതു മറച്ചുവച്ചെന്നതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യും. എന്നാല്‍ തനിക്കു മനസാവാചാ ഒന്നുമറിയില്ലെന്ന മുന്‍നിലപാടില്‍ത്തന്നെയാണു നാദിര്‍ഷാ എന്നാണ് അറിയുന്നത്. ഇതൊടെയാണ് പോലീസ് പുതിയ അടവ് പുറത്തെടുത്തിരിക്കുന്നത്.