ഇടുക്കി:കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന തങ്കമണി കാമാക്ഷി വലിയപറമ്പില്‍ ബിജു(42)വിനെ കുടുക്കാന്‍ പദ്ധതിയിട്ട് പോലീസ്. 25ലധികം മോഷണക്കേസുകളിലും പോലീസിനെ ആക്രമിച്ച കേസുകളിലും പ്രതിയായ ഇയാളെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇടുക്കി കലക്ടര്‍ നിരാകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പാമ്പാടിയില്‍വച്ച് പോലീസ് വാഹനവുമായി ബിജുവിന്റെ വാഹനം ഉരസുന്നത്.പോലീസിനെ വെട്ടിച്ചു കടന്ന ബിജു ഒടുവില്‍ വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചു കയറ്റി ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കെ.കെ റോഡില്‍ പാമ്പാടി ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് വാഹനത്തെ ഉരസി സഫാരികാര്‍ പാഞ്ഞു പോവുകയായിരുന്നു. പാമ്പാടി സി.ഐ സാജു വര്‍ഗീസ് വാഹനത്തെ പിന്തുടര്‍ന്നെങ്കിലും ചേന്നംപള്ളിയ്ക്കു സമീപം റോഡരികിലുള്ള വീട്ടിലേക്ക് ഇടിച്ചുകയറ്റിയ നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിജുവാണ് വാഹനമോടിച്ചതെന്നു കണ്ടെത്തിയത്.
പത്താഴക്കുഴിയിലെ വാടകവീട്ടിലായിരുന്നു വ്യാജ മേല്‍വിലാസത്തില്‍ ഇയാളും ഭാര്യയും മകനും താമസിച്ചിരുന്നത്. കാറില്‍ സണ്‍ഗ്ലാസ് ഒട്ടിച്ചിരുന്നു. കാര്‍ ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോയില്‍ വീട്ടിലെത്തി മകനെയും ഭാര്യയെയും കൂട്ടി ഇയാള്‍ മുങ്ങുകയായിരുന്നു.വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ബിജുവിനെ തിരിച്ചറിയാന്‍ കാരണമായത്. കാര്‍ വാങ്ങാന്‍ എത്തിയപ്പോള്‍ ബിജുവറിയാതെ ചിത്രം എടുത്തു സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കൂലിപ്പണിക്കാരനായാണ് ബിജു പാമ്പാടിയില്‍ താമസിച്ചിരുന്നത്. ഭാര്യയും വീടുകളില്‍ കൂലിപ്പണിക്ക് പോയിരുന്നു. ഭാര്യയുടെ ആദ്യവിവാഹത്തിലെ കുട്ടി വെള്ളൂരിലെ ഒരു സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. കട്ടപ്പന, തങ്കമണി സ്റ്റേഷനുകളില്‍നിന്നുള്ള പൊലിസ് സംഘം പാമ്പാടിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഇയാളെ പിടികൂടാന്‍ കട്ടപ്പന സി.ഐ. വി. എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പാമ്പാടിയിലെ ചില വീടുകളില്‍ നടന്ന കുരുമുളകു മോഷണങ്ങളിലും പോലീസ് ബിജുവിനെയാണ് സംശയിക്കുന്നത്.ഇതിനോടകം പത്ത് വര്‍ഷത്തോളം പല കേസുകളിലായി ബിജു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ മോചിതനായി പുറത്തിറങ്ങിയാലുടന്‍ വീണ്ടും മോഷണം തുടരുകയാണ് പതിവ്. പലതരം വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ച് അവയില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന ശൈലിയാണ് ബിജുവിന്റേത്.
താന്‍ എസ്. ഐയാണെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളാണ് ഇയാള്‍ക്ക് കാമാക്ഷി എസ്. ഐ എന്ന പേര് നല്‍കിയത്. തങ്കമണി സ്റ്റേഷന്‍ പരിധിയിലുള്ള കാമാക്ഷിയില്‍ ഇയാളുടെ അമ്മ മാത്രമാണ് ഇപ്പോഴുള്ളത്. മലഞ്ചരക്ക് ഉല്‍പന്നങ്ങളും ഓട്ടുപാത്രങ്ങളുമാണ് ഇയാളുടെ ഇഷ്ട മോഷണവസ്തു. നിരവധി സ്‌കൂളുകള്‍, ക്ഷേത്രങ്ങള്‍, ആളില്ലാത്ത വീടുകള്‍, മലഞ്ചരക്ക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്.
മോഷ്ടിച്ച വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി ഉപയോഗിച്ചും രാത്രി മോഷണത്തിനിറങ്ങുന്ന ഇയാള്‍ വാഹനത്തില്‍ ഉപയോഗിക്കാന്‍ ഡീസലും മോഷ്ടിച്ചിരുന്നു. കട്ടപ്പന മേഖലയിലെ സ്‌കൂള്‍ ബസുകളില്‍ നിന്നുമായിരുന്നു ഇയാള്‍ സ്ഥിരം ഡീസല്‍ ഊറ്റിയിരുന്നത്.
പോലീസ് വീട് വളഞ്ഞിട്ട് പിടിക്കാന്‍ നോക്കിയപ്പോള്‍ ഓടിളക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഒരു തവണ പോലീസിനു നേരെ വാക്കത്തി വീശിയും മറ്റൊരിക്കല്‍ പൊലിസിനുനേരെ വാഹനമോടിച്ചും ഇയാള്‍ കടന്നുകളഞ്ഞു. മുമ്പ് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് നെടുങ്കണ്ടം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു കോടതിയില്‍നിന്നും കടന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ നവംബര്‍ 11 നുപുലര്‍ച്ചെ നെല്ലിപ്പാറയില്‍നിന്നും 175 കിലോ പച്ച ഏലക്കാ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് പിന്തുടര്‍ന്നു. അന്നും വാഹനം ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് പുളിയന്മലയില്‍നിന്നും ഏലക്കാ മോഷ്ടിച്ചത് ഇയാളാണെന്നു തെളിഞ്ഞു. ഏറ്റവുമൊടുവില്‍ 2014 ഒക്ടോബര്‍ 20 ന് ഇയാളെ കട്ടപ്പന സി. ഐ ആയിരുന്ന റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.ഡ്രൈവിങ്ങിലുള്ള അപാരമായ കഴിവ് കഴിവാണ് മിക്കപ്പോഴും പൊലിസില്‍നിന്നും രക്ഷപെടാന്‍ ഇയാള്‍ക്ക് സഹായമാകുന്നത്. ഇത്തവണ ബിജുവിനെ എങ്ങനെയും കുടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് പോലീസ്.