കോഴിക്കോട്: ഓണാവധിക്കു വീടുപൂട്ടി യാത്രപോകുന്നവർ പോലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് അറിയിപ്പ്.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററാണു പത്രക്കുറിപ്പ് ഇറക്കിയത്. ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം.
പോല്‍ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര് സർവീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം.
ഇങ്ങനെ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പട്രോളിംഗും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും.
2020 ല്‍ നിലവില്‍ വന്ന സംവിധാനം ഇതുവരെ 2,945 പേര് വിനിയോഗിച്ചിട്ടുണ്ട്. ഓണം അവധിയോടനുബന്ധിച്ചുള്ള മോഷണം തടയാനാണ് പോലീസിന്റെ സുരക്ഷാസംവിധാനം.