തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിലും തിരിമറി നടക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ ശേഖരിച്ച് കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
പോസ്റ്റൽ വോട്ടുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മുൻകൂട്ടി നൽകണമെന്ന് ആവശ്യപ്പെടുന്ന ശബ്ദദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് ആരോപണമുയർന്നിരിക്കുന്നത്. പോലീസിന്റെ പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച് അസോസിയേഷൻ മുഖേന സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യണമെന്നാണ് പോലീസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ശബ്ദരേഖ.
പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച ശേഷം അവയിൽ തിരിമറി നടത്തുകയാണ് ചെയ്യുന്നതത്രേ. അതേസമയം പോലീസിലെ പോസ്റ്റൽ വോട്ടുകളിൽ കള്ളവോട്ട് സാധ്യത എന്ന ആരോപണം നിഷേധിച്ച് പോലീസ് അസോസിയേഷൻ രംഗത്തെത്തി. പോസ്റ്റൽ വോട്ടുകൾ ശേഖരിക്കാൻ സംഘടനാതലത്തിൽ ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും പോസ്റ്റൽ വോട്ടുകൾ ആരെങ്കിലും ശേഖരിക്കുന്നതിൽ സംഘടനക്ക് ബന്ധമില്ലെന്നും പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബ്ദസന്ദേശം അയച്ചത് ദൃശ്യമാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പ്രതികരണമായാണ് അസോസിയേഷൻ ഭാരവാഹി നിലപാട് വ്യക്തമാക്കിയത്.