തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. പോസ്റ്റൽ വോട്ടിൽ പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ പരമാർശം ഉള്ളവരെക്കുറിച്ച് അന്വേഷണം വേണം.
എല്ലാ ജില്ലയിലും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. വോട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും അസോസിയേഷന്റെ ഇടപെടൽ ഉണ്ടായി. ഭീഷണികാരണം പലരും തെളിവ് നൽകാൻ മടിക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തു. ഇന്റലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി.
പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന് ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിലുള്ളത്.
പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന് നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. 58,000-ഓളം പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.