കോഴിക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കത്തതിനെ കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാൽ പഞ്ചാബിൽ ഒരു കോഴി ഇപ്പോൾ പോലീസ് പ്രൊട്ടക്ഷനിലാണ്. കോഴിപ്പോര് ഇപ്പോൾ മിക്ക സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇവ നടത്തുന്ന ഗ്രാമങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ട്. അതിലൊന്നാണ് പഞ്ചാബിലെ ബതിൻഡ.
കോഴിപ്പോരിൽ പരിക്കേറ്റ ഒരു കോഴിക്കാണ് ഇവിടെ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ കോഴിയെ ആദ്യം ആശുപത്രിയിലെത്തിച്ചിരുന്നു. ഇപ്പോൾ പോലീസിന്റെ സംരക്ഷണത്തിലാണ് കോഴി. പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ച് ഇരുന്നൂറോളം പേരാണ് ബല്ലുവാന ഗ്രാമത്തിൽ നടന്ന കോഴിപ്പോരിൽ പങ്കെടുത്തത്.
കോഴിപ്പോരിനെ കുറിച്ചുള്ള വിവരം കിട്ടിയ ഉടൻ തന്നെ സംഭവസ്ഥലത്ത് പോലീസ് എത്തി. പിന്നാലെ പോലീസ് വരുന്നത് അറിഞ്ഞപ്പോൾ തന്നെ ഇവിടെ കൂടിയിരുന്നവർ പലവഴിക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ട് കോഴികളെയും ഒരാളെയും പോലീസ് സ്ഥലത്ത് നിന്ന് പിടികൂടി. കോഴിപ്പോരിലെ വിജയികൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ആനിമൽ ക്രുവൽറ്റി ആക്ട് പ്രകാരം കോഴിപ്പോര് സംഘടിപ്പിച്ച മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. കേസിൽ അന്വേഷണം നടന്നു വരികയാണ്. പരിക്കേറ്റ കോഴിക്ക് ഇപ്പോൾ ആവശ്യമായ സംരക്ഷണവും, ചികിത്സയും, ഭക്ഷണവും പോലീസ് നൽകുന്നുണ്ട്.