കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥ അഡീഷണൽ എസ്ഐയെ മർദിച്ച സംഭവം ജില്ലയിലെ പോലീസിന് നാണക്കേടായി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. മൊബൈൽ ഫോണിൽ അയച്ച അശ്ലീല സന്ദേശത്തെ ചൊല്ലിയായിരുന്നു പോലീസുകാരി അഡീഷണൽ എസ്ഐയെ കൈവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
എന്നാൽ ആരോപണ വിധയരായ അഡീഷണൽ എസ്ഐയും പോലീസുകാരിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിരിക്കുന്ന വിവരം.
ഇവർ തമ്മിൽ പതിവായി വാട്സ് ആപ്പിലൂടെ സന്ദേശങ്ങളും കൈമാറിയിരുന്നു. രാവിലെ മുതൽ ആരംഭിക്കുന്ന വാട്സ് ആപ്പ് മേസേജുകൾ രാത്രിവരെ നീളുമായിരുന്നുവത്രേ.
കഴിഞ്ഞ ദിവസം പോലീസുകാരി തുടർച്ചയായി എഎസ്ഐയുടെ ഫോണിലേക്ക് വാട്സ് ആപ്പിലൂടെ സന്ദേശമയച്ചു. ഇത് എഎസ്ഐയുടെ ഭാര്യ കയ്യോടെ പിടികൂടി.
ഇതിനെ തുടർന്നാണ് പിറ്റേന്ന്് സ്റ്റേഷനിൽ ജില്ലാ പോലീസിനു നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ഭാര്യയുടെ ചോദ്യം ചെയ്യൽ കടുത്തതോടെ എഎസ്ഐ തന്റെ ഫോണിലേക്കുള്ള പോലീസുകാരിയുടെ നന്പർ വാട്സ് ആപ്പിലും കോളിലും ബ്ലോക്ക് ചെയ്തു.
തുടർന്നു പിറ്റേന്ന് സ്റ്റേഷനിൽ എത്തിയ ഇവരുവരും തമ്മിൽ തർക്കമുണ്ടാവുകയും പോലീസുകാരി എഎസ്ഐയെ കൈവയ്ക്കുകയുമായിരുന്നു. ഇതോടെ സംഭവം ഒതുക്കി തീർക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും സംഗതി പുറത്തറിഞ്ഞു.
സേനയ്ക്കു നാണക്കേടുണ്ടായ സംഭവത്തിൽ അഡീഷണൽ എസ്ഐയെ ചിങ്ങവനത്തേക്കും പോലീസുകാരിയെ മുണ്ടക്കയത്തേക്കും സ്ഥലം മാറ്റിയാണ് ജില്ലാ പോലീസ് ചീഫ് ഡി. ശില്പ ഉത്തരവിറക്കിയത്.
സംഭവത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയോട് ജില്ലാ പോലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമേയാണ് സ്പെഷൽ ബ്രാഞ്ചിന്റെ ഡിവൈഎസ്പിയുടെ അന്വേഷണവും നടക്കുന്നത്.ആരോപണ വിധേയനായ എഎസ്ഐക്കെതിരെ മുന്പും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഇരുവർക്കുമെതിരെ തുടർ നടപടിയുണ്ടാവുക.