തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ തൃത്താല എംഎൽഎ വി.ടി.ബൽറാമിനെ സിപിഎം പ്രവർത്തകർ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതുപരിപാടികളിൽ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ എംഎൽഎ എന്ന നിലയിലുള്ള കർത്തവ്യം നിർവഹിക്കുന്നതിന് അദ്ദേഹത്തിനു പോലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്ത് നൽകി.
ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാകുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. ഉത്തരേന്ത്യയിൽ സംഘപരിവാർ നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്ക് സമാനമായ രീതിയിലാണ് ചില സിപിഎം നേതാക്കൾ ബൽറാമിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നത്.
ഈ നിയമലംഘനങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോലീസ് ഇതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയും നിയമസഭാംഗമെന്ന നിലയിലുള്ള വി.ടി. ബൽറാമിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന് തന്റെ കടമ നിർവഹിക്കുന്നതിനും പോലീസ് സംരക്ഷണം നൽകുകയും ചെയ്യണമെന്നു രമേശ് ചെന്നിത്തല ഡിജിപിയോട് ആവശ്യപ്പെട്ടു.