സി.സി.സോമൻ
കോട്ടയം: കുട്ടികളെയും അവരുടെ പഠന കാര്യങ്ങളെയും ഓർത്ത് വിഷമിക്കുന്ന പോലീസുകാർക്ക് ഒരു ആശ്വാസ വാർത്ത. പഠന കാര്യത്തിനായി സ്കൂളിൽ പോകാനും പിടിഎ മീറ്റിംഗുകളിൽ പങ്കെടുക്കാനും ഇനി പോലീസ് ഉദ്യോഗസ്ഥർക്ക് അവധി ലഭിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു.
മക്കളുടെ പഠന കാര്യങ്ങൾക്കായി സ്കൂളിൽ പോകുന്നതിന് പോലീസുകാർ ആവശ്യപ്പെട്ടാൽ അവധി നല്കണമെന്ന് എസ്എച്ച്ഒമാരോട് ഡിജിപി നിർദേശിച്ചു. പോലീസുകാരിലെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനാണ് നടപടി. മക്കളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ ഭൂരിപക്ഷം പോലീസുകാരും മാനസിക സംഘർഷത്തിലാണ്.
സ്വന്തം കുട്ടികളെ സ്കൂളിലയയ്ക്കാനോ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാനോ സമയം കിട്ടാത്ത പോലീസുകാർ ജോലിയുടെ ഭാഗമായി മറ്റു കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കു മുന്നിൽ കാവൽ നിൽക്കേണ്ടി വരുന്നു. മറ്റു കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തി കുട്ടികളുടെ പഠന കാര്യങ്ങൾ അധ്യാപകരുമായി പങ്കു വയ്ക്കുന്പോൾ പോലീസുകാരന് ഇതിനൊന്നും സമയം കിട്ടാറില്ല.
ഇത് പോലീസുകാർക്ക് വലിയ മാനസിക സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യം പലപ്പോഴായി ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പിടിഎ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് അവധി നല്കണമെന്ന് എസ്എച്ച്ഒമാർക്ക് ഡിജിപി നിർദേശം നല്കിയത്. മാനസിക സംഘർഷത്തെ തുടർന്ന് പോലീസുകാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടായതോടെയാണ് അധികാരികളുടെ ശ്രദ്ധ ഇക്കാര്യങ്ങളിലേക്ക് പതിഞ്ഞത്.
അതേ സമയം അടിയന്തര ഡ്യൂട്ടികൾ ഇല്ലാത്ത സാഹചര്യത്തിലാവും പോലീസുകാർക്ക് അവധി അനുവദിക്കുകയെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് അടിയന്തര സാഹചര്യമുണ്ടായാൽ ഡ്യൂട്ടി അനുവദിക്കുകയില്ല എന്നർഥം. ഇതിന്റെ പേരിൽ അവധി കിട്ടാതിരിക്കുമോ എന്ന ആശങ്കയിലാണ് പോലീസുകാർ.