സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ പോലും ക്വാറന്റൈന് അനുവദിക്കാതെ പോലീസുകാരെ മിക്ക ജില്ലകളിലും ഡ്യൂട്ടിക്കായി വിന്യസിപ്പിക്കുന്നു.
ഇതോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടി. പരസ്യമായ കോവിഡ് മാനദണ്ഡലംഘനത്തില് പോലീസിനുള്ളിലും അമര്‍ഷം ശക്തമാണ്.കോവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പരിശോധനയ്ക്കുപുറമേ മറ്റു കേസുകളില്‍ കൂടി പോലീസുകാര്‍ അന്വേഷണം നടത്തുന്നുണ്ട്.
ഇപ്രകാരം പല കേസുകളിലുമായി നിരവധി പ്രതികളെയും പോലീസ് പിടികൂടുന്നുണ്ട്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പായി കോവിഡ് പരിശോധന നടത്തും. കോവിഡ് പോസിറ്റീവായാല്‍ പ്രതിയെ പ്രത്യേക സെല്ലിലേക്ക് മാറ്റും.
പിടികൂടിയ പോലീസുകാര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കമുണ്ടെങ്കില്‍ കോവിഡ് മാനദണ്ഡപ്രകാരം അവര്‍ ക്വാറന്റൈനില്‍ പോകണം. നിശ്ചിത ദിവസങ്ങള്‍ക്കുശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ വീണ്ടും ഡ്യൂട്ടിയില്‍ ഹാജരാകണമെന്നാണ് ചട്ടം.
ക്വാറന്റൈൻ അനൗദ്യോഗികമായി നീക്കി
കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പോലീസ് സേനാംഗങ്ങള്‍ക്കിടയിലും പടരാന്‍ തുടങ്ങി. പല സ്റ്റേഷനുകളിലും സേനാംഗങ്ങളുടെ കുറവ് പ്രതികൂലമായി ബാധിക്കാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ക്വാറന്റൈന് സംവിധാനം പോലീസില്‍നിന്ന് അനൗദ്യോഗികമായി നീക്കിയത്.
പിടികൂടിയ ആള്‍ക്ക് കോവിഡ് പോസിറ്റീവാണെങ്കില്‍ പോലും അക്കാര്യം മറന്ന് ഡ്യൂട്ടിയില്‍ എത്താനാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയിലെ പോലീസുകാര്‍ പിടികൂടിയ പ്രതിക്ക് കോവിഡാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
കോവിഡ് പോസിറ്റീവായ പ്രതിയുമായി ഇവര്‍ക്കെല്ലാം അടുത്ത സമ്പര്ക്കമാണുണ്ടായത്. എന്നാല്‍ ഇക്കാര്യം സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ക്വാറന്റൈന് വേണ്ടെന്നും ഡ്യൂട്ടിയില്‍ തുടരാനുമാണ് ലഭിച്ച നിര്‍ദേശം. സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും സമാനമായ സ്ഥിതിയാണ് നടക്കുന്നതെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്.
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണെന്നും പോലീസുകാര്‍ പറഞ്ഞു.
രോഗവ്യാപനത്തിന് കാരണം
ക്വാറന്റൈനില്‍ നില്‍ക്കേണ്ട പോലീസുകാര്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ഡ്യൂട്ടിയില്‍ എത്തിയാല്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്നത് രോഗവ്യാപനത്തിനു കാരണമാവും. വാഹനപരിശോധനയും മറ്റും നടത്തുമ്പോള്‍ പോലീസുകാര്‍ ജനങ്ങളുമായി അടുത്തിടപെടുക പതിവാണ്.
കൂടാതെ പിഴ ഈടാക്കി രസീത് ഇപ്പോഴും നല്‍കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ വൈറസ് വാഹകരായ പോലീസുകാരിൽ നിന്ന് മറ്റുള്ളവരിലേക്ക് ഇവ പടരാന്‍ സാധ്യതയേറെയാണ്.പോലീസിനുള്ളില്‍ പലരും ഒരു ഡോസ് വാക്സിന് സ്വീകരിച്ചവരാണ്.
ചിലര്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. അതിനാലാണ് ക്വാറന്റൈന് കര്ശനമാക്കാത്തതെന്ന വാദവും സേനയില്‍ നിന്നുയര്‍ന്നിട്ടുണ്ട്. എന്നാല്‍ രോഗം വരാന്‍ സാധ്യത കുറവാണെന്നല്ലാതെ രോഗവാഹകരായി മാറിയാല്‍ മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയേറെയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ക്വാറന്റൈന് ലംഘനത്തെ കുറിച്ച് മേലുദ്യോഗസ്ഥര്‍ അറിയുന്നില്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.