ആലക്കോട്:ആലക്കോട് പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സ് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. 1963 ലാണ് ആലക്കോട് കേന്ദ്രമായി പോലീസ് സ്റ്റേഷന് ആരംഭിച്ചത്. ഏഴു വര്‍ഷത്തിനു ശേഷം സ്റ്റേഷന് പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടൊപ്പം പതിനൊന്നു ക്വാര്‍ട്ടേഴ്സുകളും അന്ന് നിര്‍മ്മിച്ചിരുന്നു. ആദ്യകാലങ്ങളില്‍ പോലീസുകാർ കുടുംബ സമേതം താമസിക്കാന്‍ ഈ ക്വാര്ട്ടേഴ്സിനെയാണ് ആശ്രയിച്ചിരുന്നത്.
അറ്റകുറ്റ പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് പലരും മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറിയത്. നീണ്ട നാല്പ്പതിയേഴു വര്‍ഷത്തിന്റെ പ്രായാധിക്യത്താല്‍ ക്വാര്‍ട്ടേഴ്സ് നിലം പൊത്താറായ അവസ്ഥയിലാണ്. ചെറുകാറ്റടിച്ചാല്‍ നിലം പൊത്തുന്ന ഓടുകള്‍ പൊലീസുകാരുടെ ജീവനുവരെ ഭീഷണിയായി.
കതകുകളും ജനല്പാളികളും ചിതലെടുത്തും തുരുമ്പിച്ചും ഉപയോഗശൂന്യമായി. ചുമരുകള്‍ക്ക് സമീപം തലയുയര്‍ത്തി നില്ക്കുന്ന ചിതല് പുറ്റുകള്‍ ആരിലും ഭീതിയുളവാക്കും. കാടും പടലും പിടിച്ചു കിടക്കുന്ന പരിസര പ്രദേശങ്ങള്‍ ഇഴജന്തുക്കളുടെ താവളം കൂടിയാണ്. നാല്പതോളം പോലീസുകാർ ജോലി ചെയ്യുന്ന ആലക്കോട് സ്റ്റേഷനില്‍ ഒരു വിശ്രമമുറിപോലും ഇന്നില്ല.
വേറെ നിര്‍വാഹമില്ലാത്തതിനാല്‍ കേസ് ഷീറ്റ് എഴുതാനും മറ്റുമായി ഇവര്‍ ഇന്നും ഉപയോഗിക്കുന്നത് ഈ പൊളിഞ്ഞു വീഴാറായ കെട്ടിടമാണ്. കെട്ടിടം പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ദൂരെ നിന്ന് ജോലിക്കെത്തുന്നവര്‍ക്ക് അല്പ സമയം വിശ്രമിക്കണമെങ്കില്‍ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പോലീസുകാരുടെ ജീവനു ഭീഷണിയായ കെട്ടിടങ്ങള്‍ പുനര്‍ നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.