എടത്വ: നാലു കരാറുകാർ വന്ന് പോയി ഒടുവിൽ പോലീസ് കോർട്ടേഴ്സിന്റെ പണിതീർന്നപ്പോൾ വെള്ളവും വെളിച്ചവുമില്ല. പ്രവേശന കർമം അനിശ്ചിതമായി നീളുന്നു. എടത്വ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കും, അഡീഷണൽ എസ്ഐക്കും താമസിക്കാൻ വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ പ്രവേശനകർമമാണ് നീളുന്നത്.
പോലീസ് കോർട്ടേഴ്സിന്റെ നിർമാണം 2004 ൽ ആണ് ആരംഭിച്ചത്. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും കെട്ടിടം നന്പർ ലഭിച്ചില്ല. നന്പർ ലഭിക്കാതാണ് വെള്ളവും വെളിച്ചവും ലഭിക്കാത്തതിന് കാരണമായി പറയുന്നത്. എന്നാൽ കെട്ടിട നന്പർ ലഭിക്കാത്തതിന്റെ കാരണം സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ പഞ്ചായത്തിനു നൽകാൻ കഴിയാത്തതാണ് എന്നാണ് അറിയുന്നത്.
13 വർഷത്തെ കാത്തിരുപ്പിനു ശേഷമാണ് കെട്ടടനിർമാണം പൂർത്തിയായത്. ഇതിനിടയിൽ നാലു കരാറുകാർ മാറിമാറി കരാറെടുക്കുകയായിരുന്നു. 2004 ൽ 15 ലക്ഷം രൂപയ്ക്ക് രണ്ടു കെട്ടിടങ്ങളായി പണിയായായിരുന്നു തീരുമാനം. പിന്നീട് ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം രൂപരേഖ മാറ്റി ഇരുനിലമന്ദിരമായി പണിയുവാൻ തീരുമാനിക്കുകയായിരുന്നു. നിർമാണം പാതി വഴിക്കെത്തിയപ്പോൾ അനുവദിച്ച പണം തികയില്ലെന്നു പറഞ്ഞ് നിർമാണം മുടങ്ങി.
പിന്നീട് എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്ത് വീണ്ടും പണി ആരംഭിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും അനുവദിച്ച പണം ലഭിച്ചില്ലന്നു പറഞ്ഞ് വീണ്ടും മുടങ്ങി. പിന്നീട് ഒരു വർഷത്തിനു ശേഷം വീയപുരം സ്വദേശിയായ ആളിനെ കരാർ ഏൽപ്പിച്ചെങ്കിലും വീണ്ടും മുടങ്ങി. ഇതിനിടയിൽ കെട്ടിടം സ്ഥാനത്തല്ല നിർമിക്കുന്നതെന്ന കിംവദന്തി പരന്നതോടെ കരാറെടുക്കാൻ ആരും തയാറായില്ല.
വർഷങ്ങൾക്കു ശേഷം കായംകുളം സ്വദേശിക്ക് കരാർ മാറ്റിനൽകി കെട്ടിടനിർമാണം പൂർത്തീകരിക്കുകയാണുണ്ടായത്. എന്നിട്ടും കേറി താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 15 ലക്ഷം രൂപയിൽ തീരേണ്ട നിർമാണ പ്രവർത്തനം നാൽപ്പതു ലക്ഷത്തോളം ചിലവ് വന്നതായണ് അറിയുന്നത്. കോർട്ടേഴ്സ് ഇല്ലാത്തതിനാൽ ഇതിനോടകം ലക്ഷങ്ങൾ വാടക ഇനത്തിൽ സർക്കാരിന് ചിലവാകുകയും ചെയ്തു. നന്പർ കിട്ടിയിരുന്നെങ്കിൽ സ്വന്തം കെട്ടിടത്തിലേക്ക് താമസം മാറാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് അധികൃതർ.