സ്വന്തം ലേഖിക
കൊച്ചി: ഏതു നിമിഷവും നിലംപൊത്താവുന്ന എറണാകുളം സെന്‍ട്രല്‍ പോലീസ് ക്വാര്‍ട്ടേഴ്സിലെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള രാഷ്ട്രദീപിക റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 15ന് മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലം സന്ദര്‍ശിക്കും.
എറണാകുളത്ത് ഹൈക്കോടതിക്ക് സമീപത്തായി ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്താണ് പോലീസ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. 10 ബ്ലോക്കുകളാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥമൂലം ഒരു ബ്ലോക്കില്‍ താമസക്കാരില്ല.
152 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ടെങ്കിലും നിലവില്‍ 118 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടത്തെ രണ്ടും ഏഴും ബ്ലോക്കുകളുടെ അവസ്ഥ വളരെ ഭീതി ജനിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം 15ന് സ്ഥലം സന്ദര്‍ശിക്കുന്നത്. ക്വാര്‍ട്ടേഴ്സിന്റെ ശോചനീയാവസ്ഥ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ അഴിച്ചു പണിയും നടന്നിരുന്നു.