കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സംവിധായകന് ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മറ്റൊരു നടിയോട് അശ്ലീലമായി സംസാരിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാലിന്റെ ഹണീബീ-ടു എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടക്കുന്നതിനിടെ ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇറക്കിവിട്ടതും ലാലിന്റെ വീട്ടിനു മുമ്പിലായിരുന്നു. കേസിന്റെ ആദ്യ ദിവസം തന്നെ പല മാധ്യമങ്ങളിലും സംവിധായകന് ലാലിനേ ചേര്‍ത്ത് വാര്‍ത്തകള്‍ വന്നിരുന്നു. രക്ഷകന് തന്നെ വില്ലനാകും എന്നും പ്രചരണം ഉണ്ടായിരുന്നു. അന്ന് നടിയ്ക്ക് പോകാന്‍ കാര്‍ ഏര്‍പ്പാടാക്കിയത് ജീന്‍ പോള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ജീന്‍ പോള്‍ ലാലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ആ ആരോപണങ്ങള്‍ ശക്തമാക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
ഗോവയില്‍ ഹണീബീ-2വിന്റെ ചിത്രീകരണത്തിനിടെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയില്‍ സുനി സഹകരിച്ചിരുന്നു എന്നത് നേരത്തേ വ്യക്തമായ കാര്യവും ആണ്.നടിയുടെ പരാതിയിലും നടി ആക്രമിക്കപ്പെട്ട കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്തേക്കും എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീന്‍ പോളിനെതിരെ ഇത് സംബന്ധിച്ച് നേരത്തേയും ആക്ഷേപം ഉയര്‍ന്നിരുന്നു.
മകനേയും നടിയേയും ചേര്‍ത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെ അന്നും ലാല്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരായിരുന്നു ലാലും ജീന്‍ പോളും. നടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനും ഇവരായിരുന്നു. എന്നാല്‍ ഇതുവരെ രണ്ട് പേരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതും സംശയമുണര്‍ത്തുന്നു. പള്‍സര്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവ് ജീന്‍ പോള്‍ ആണോയെന്ന സംശയത്തിലാണ് പലരും.