ഹോട്ടലില് മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു.
മദ്യനിരോധന നിയമം ലംഘിക്കുന്നവര്ക്കെതിരേ നടപടിയെടുക്കാന് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്.
നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്മുഖ്യമന്ത്രി റാബ്റി ദേവി അടക്കമുള്ളവര് വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി.
വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഹോട്ടലില് കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള് അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
ബിഹാറില് അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഹോട്ടലുകള്, പൊതു ഇടങ്ങള്, ഭക്ഷണ ശാലകള് എന്നിവിടങ്ങളില് അടക്കം കയറിയിറങ്ങി പോലീസ് മദ്യവേട്ട നടത്തുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.