കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച ലഡ്ഡുവും ബിസ്കറ്റുകളും വില്‍പ്പന നടത്തിയ മൂന്നു പേര് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ചൗല ചിക്കന്‍’ എന്ന ധാബയില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.
ജയ് കിഷന് ഠാക്കൂര്‍, അങ്കിത് ഫുല്‍ഹാരി, സോനു എന്നിവരാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.
ഇവരില്‍ നിന്ന് 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച പലഹാരങ്ങളും പിടിച്ചെടുത്തു.
ധാബ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് കുക്കീസ് വാങ്ങാനെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ കടയിലെത്തിയത്.
പരിശോധനയില്‍ കഞ്ചാവ് കുക്കീസ് ആമസോണ്‍ സ്റ്റിക്കര്‍ പതിച്ച പായ്ക്കറ്റുകളിലായിരുന്നു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്നതായി അറസ്റ്റിലായ ജയ്കിഷന് പോലീസിനോട് പറഞ്ഞു.
കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച കുക്കീസിന് നാലായിരം രൂപ മുതലാണ് ഈടാക്കിയിരുന്നത്. കൂടാതെ, കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച ലഡ്ഡുവും വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ, കഞ്ചാവ് ഓയില്‍ പ്രത്യേകമായും വില്‍പ്പന നടത്തിയിരുന്നു.
ഒരു ഗ്രാം കഞ്ചാവ് ഓയിലിന് 2,500 രൂപ മുതല്‍ 3000 രൂപ വരെയാണ് പ്രതികള്‍ ഈടാക്കിയിരുന്നതെന്ന് പോലീസ് അറിയിച്ചു.