റാന്നി: തങ്ങളുടെ കൈവശം സമ്പുഷ്ട യുറേനിയം ഉണ്ടെന്നു വെളിപ്പെടുത്തിയ യുവാക്കളും യാഥാര്ഥ്യം അറിയാതെ പോലീസും വെട്ടിലായി. റാന്നി വലിയകുളം സ്വദേശികളായ രണ്ട് യുവാക്കളാണ് ഞായറാഴ്ച രാത്രി പോലീസ് കണ്ട്രോള്റൂമില് വിളിച്ച് വെളിപ്പെടുത്തല് നടത്തിയത്.
രാത്രിയില് തന്നെ പോലീസ് ഒരാളുടെ വീട്ടിലെത്തി. കുപ്പിക്കുള്ളില് സൂക്ഷിച്ചിരിക്കുന്ന ഉമിക്കരിക്ക് സമാനമായ പൊടി യുറേനിയമാണെന്ന് യുവാവ് വെളിപ്പെടുത്തി. തന്റെ സുഹൃത്തായ മറ്റൊരാളുടെ വീട്ടില് നിന്നും യുവാവ് പറഞ്ഞതനുസരിച്ച് കുഴിച്ചിട്ട നിലയില് ചെറിയ കുപ്പിയും കണ്ടെടുത്തു.
യുറേനിയമാണോ പിടികൂടിയത് എന്നത് ഉറപ്പില്ലാത്തതിനാല് പോലീസ് പിടികൂടിയ വസ്തുക്കള് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരിക്കുകയാണ്.
പരിശോധനയ്ക്ക് ഫോറന്സിക് വിദഗ്ധരെ സമീപിച്ചെങ്കിലും അവര് കൈമലര്ത്തി. അണുവികിരണം ഉണ്ടാക്കുന്ന വസ്തുവാണ് യുറേനിയം എന്നതിനാല് ഏറെ സൂക്ഷ്മത വേണം. യുവാക്കളെ ചോദ്യം ചെയ്തപ്പോള് മല്ലപ്പള്ളി സ്വദേശി വിജയകുമാറിന്റെ സഹായത്തില് കൂടംകുളത്തിനു സമീപത്തുനിന്നാണ് ഇതു വാങ്ങിയതെന്നു പറഞ്ഞു.
റൈസ് പുള്ളര് പോലെയുള്ള വസ്തുവെന്നു പറഞ്ഞാണ് വില്പന നടത്തിയത്. ഇതു മറിച്ചുവില്ക്കാന് ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് യുവാക്കളുടെ മൊഴി. സമ്പുഷ്ട യുറേനിയമാണ് ഇതെന്നു വിവരിക്കുന്ന രണ്ട് സര്ട്ടിഫിക്കറ്റുകളും ഇവര് പോലീസിനെ കാണിച്ചു.
സര്ട്ടിഫിക്കറ്റ് വ്യാജമാണെന്നു പോലീസ് സംശയിക്കുന്നു. യുവാക്കളുടെ കൈയില് നിന്നു കണ്ടെടുത്ത വസ്തുക്കളുടെ നിജസ്ഥിതിയെ സംബന്ധിച്ചും സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ബോംബ് സ്ക്വാഡ് ഇന്നലെ പരിശോധന നടത്തിയെങ്കിലും അണുവികിരണ സാധ്യത കണ്ടെത്തിയില്ല.
എന്തായാലും ഇവര് വെളിപ്പെടുത്തിയ തരത്തില് യുറേനിയമാണോയെന്നറിയാന് ആണവ ഉപകരണങ്ങളുമായി ബന്ധപ്പെട്ടവര് വരണം. അത് ഇന്നുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.