തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയിൽ അന്വേഷണം. റേഞ്ച് ഐജിമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയുടെ ഉത്തരവ്. വിവിധ ജില്ലകളിൽ നടന്ന പോലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.
പോലീസിൽ രാഷ്ട്രീയ പ്രവർത്തനം വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ഡിജിപി ടി.കെ. വിനോദ് കുമാർ പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വ്യാഴാഴ്ച റിപ്പോർട്ട് കൈമാറിയിരുന്നു.
പോലീസ് അസോസിയേഷന്റെ യോഗങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്.
പോലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് അസോസിയേഷനുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനകൾ ഭരിക്കുന്ന പാർട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.