കെ. ഷിന്റുലാല്‍
കോഴിക്കോട് : സാമ്പത്തിക പ്രതിസന്ധിക്കിടയിലും പോലീസില്‍ വീണ്ടും സാലറി കട്ട് ! ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് സിറ്റി പോലീസിലെ സേനാംഗങ്ങളുടെ ശമ്പളത്തില്‍നിന്നു പണം ഈടാക്കാന്‍ തീരുമാനിച്ചത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തില്‍ ഏപ്രില്‍ 11,12,13 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് 50 രൂപ ഈടാക്കുന്നത്.
എന്നാൽ, ക്ഷേത്രച്ചെലവിനായി മാസപ്പിരിവ് കൊടുക്കുന്നുണ്ടെന്നും അതു കൂടാതെയാണ് വീണ്ടും പിരിവെന്നും പോലീസുകാർ പറയുന്നു.
ഇതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബന്ധപ്പെട്ട ജില്ലകളിലെ ഡ്രോയിംഗ് ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണെന്നും നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ ഉത്തരവിറക്കി. പുതിയ ഉത്തരവിനെതിരേ പോലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
മത ചിഹ്നങ്ങള്‍ പോലും പ്രകടമാക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന യൂണിഫോം ഫോഴ്സില്‍ ക്ഷേത്ര ഉത്സവത്തിനായി പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്.
നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. ഇവരില്‍നിന്നെല്ലാം പണം ഈടാക്കുകയെന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണ്.
മാസപ്പിരിവ് കൂടാതെ
വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പോലീസിനാണ്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു മാസത്തില്‍ 20 രൂപ ഈടാക്കുന്നുണ്ട്.
ജില്ലയിലെ 3,300 പോലീസുകാരില്‍നിന്നും 20 രൂപ ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനം. ഈ വരുമാനത്തില്‍നിന്നു മഹോത്സവത്തിനു വേണ്ട ചെലവുകളും വഹിക്കാം. സമ്മതപത്രം പോലും വാങ്ങാതെയാണ് ശമ്പളത്തില്‍നിന്നു പണം ഈടാക്കുന്നത്.
എങ്കിലും നിസാരമായ തുകയായതിനാല്‍ ആരും പരസ്യവിമര്‍ശനത്തിന് തയാറായിരുന്നില്ല. എന്നാല്‍ വീണ്ടും മഹോത്സവത്തിനെന്ന പേരില്‍ 30 രൂപ അധികം ഈടാക്കുന്നത് അംഗീകരിക്കാന്‍ പോലീസുകാര്‍ തയാറായിട്ടില്ല. എന്തിനാണ് വീണ്ടും പണം പിരിക്കുന്നതെന്നാണ് പോലീസുകാരുടെ ചോദ്യം.
ഉത്തരവിൽ ആശയക്കുഴപ്പം
കൂടാതെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവിലെ പരാമര്‍ശവും ശരിയായ നടപടിയല്ലെന്നും പോലീസുകാര്‍ പറയുന്നു. പണം നല്കാന് താല്പര്യമില്ലാത്തവര് അറിയിക്കണമെന്നാണ് ഉത്തരവിലുള്ളത്.
ഇതു സ്വകാര്യതക്കെതിരാണ്. വിശ്വസിയാണോ അല്ലെയോ എന്നെല്ലാം ഒരു ഓഫീസര്‍ മുമ്പാകെ ഇതുവഴി പോലീസുകാര്‍ക്കു വെളിപ്പെടുത്തേണ്ടതായി വരും. എന്നാല്‍, താല്പര്യമുള്ളവര് അറിയിക്കണമെന്ന് ഉത്തരവിറക്കിയാല്‍ ഇത്തരം ആശങ്കകള്‍ അകറ്റാമായിരുന്നുവെന്നും അഭിപ്രായം ശക്തമാണ്.
ഉത്തരവില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. പോലീസ് അസോസിയേഷന് നേതാക്കള്‍ സാലറികട്ടിനെതിരേ സേനയില്‍ നിലനില്‍ക്കുന്ന അതൃപ്തി കമ്മീഷണര്‍ മുമ്പാകെ അറിയിച്ചിട്ടുണ്ട്. വൈകാതെ സാലറികട്ട് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുമെന്നാണ് സൂചന.
വിടാതെ വിവാദങ്ങൾ
മുതലക്കുളം ക്ഷേത്രത്തിന്റെ പരിപാലനം പോലീസ് ഏറ്റെടുത്തതു മുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ക്ഷേത്ര ആവശ്യത്തിനായി എആര്‍ ക്യാമ്പിലെ പോലീസുകാരെ ആദ്യഘട്ടത്തില്‍ നിയോഗിക്കുന്നതു പതിവായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ദിവസം 12 പോലീസുകാരെ വരെ ഇവിടെ നിയോഗിച്ചിരുന്നു. അന്നു വിവാദമായപ്പോള്‍ ഇവരെ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടു പോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിരിക്കുന്നത്.
പാവണമണി റോഡിലെ ക്വാര്‍ട്ടേഴ്സ് ഭൂമി ക്ഷേത്രത്തിനു കൈമാറുന്നതിനെതിരേയും പ്ര്ശനങ്ങളുണ്ടായിരുന്നു. ഉന്നത ഐപി എസ് റാങ്കിലുള്ളവരുടെ താത്പര്യമായിരുന്നു ഇതിനു പിന്നില്‍.
നേരത്തെയുളള ക്ഷേത്രത്തിനു സമീപത്തായി ശ്രീകൃഷ്ണ ക്ഷേത്രം ഈ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. വലിയ പിരിവു നടത്തിയാണ് ലക്ഷം ദീപം സമര്‍പ്പണവും പ്രതിഷ്ഠയും നടന്നത്.
ഇതിനായുള്ള രസീത് രണ്ടു പോലീസുകാര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനത്തില്‍ മുഴുവന്‍ സ്റ്റേഷനുകളിലും എത്തിച്ചതു സേനയില്‍ വിവാദമായിരുന്നു.
ക്ഷേത്ര നടത്തിപ്പും പോലീസും തമ്മിലുള്ള ബന്ധം ഇതാണ്
കോഴിക്കോട് സിറ്റി പോലീസിന്റെ ഭൂമിയിലാണ് ക്ഷേത്രമുള്ളത്. അതിനാലായിരുന്നു ക്ഷേത്ര നടത്തിപ്പ് പോലീസ് ഏറ്റെടുത്തത്. കാല്‍നൂറ്റാണ്ടായി പോലീസ് തന്നെയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.
മാറിവരുന്ന ഉത്തരമേഖലയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരുടെ താത്പര്യപ്രകാരം കാലാ കാലങ്ങളായി ക്ഷേത്രത്തില്‍ വിവിധ രീതിയിലുള്ള നവീകരണ പ്രവൃത്തികളും നടക്കും.
വിവിധ ആഘോഷങ്ങളും മറ്റും നടത്തുന്നതും ഓഫീസര്‍മാരുടെ താത്പര്യപ്രകരമാണ്. ഉന്നത പോലീസുകാര്‍ ഉള്‍പ്പെട്ടതിനാല്‍ പണം ഈടാക്കുന്നതിനും മറ്റും പോലീസുകാര്‍ എതിര്‍പ്പും പ്രകടിപ്പിക്കാറില്ല.
ക്ഷേത്ര മഹോത്സവത്തിനു പോലീസുകാരുടെ ശമ്പളത്തില്‍നിന്ന് പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അസി.കമ്മീഷണര്‍ ഇറക്കിയ ഉത്തരവ്.