കായംകുളം: പോലീസിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ് വഴി തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന ആവശ്യവുമായി പോലീസ് കോടതിയിൽ അപേക്ഷ നൽകി.
കായംകുളം ചേരാവള്ളിയിൽ നിന്നും പിടിയിലായി റിമാൻഡിൽ കഴിയുന്ന കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ പി. പോൾ (40) കോട്ടയം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (35) ആലപ്പുഴ കലവൂർ കുളങ്ങരയിൽ മനു (25) എറണാകുളം പൊന്നാരിമംഗലം പുളിത്തറയിൽ മനു ഫ്രാൻസിസ് (27) പത്തനംതിട്ട തീയാടിക്കൽ കണ്ടത്തിങ്കൽ സോണി തോമസ് (24) എന്നിവരെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കായംകുളം സിഐ പി. കെ. സാബു കോടതിയിൽ അപേക്ഷ നൽകിയത്.
പോലീസിൽ ഒരു ജോലി മോഹിച്ച് ഉന്നത ബിരുദധാരികൾ ഉൾപ്പടെ നിരവധിപ്പേരാണ് തട്ടിപ്പിനിരയായി സംഘത്തിന്റെ കെണിയിൽ വീണത്. അതിനാൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
‘കോണ്‍സ്റ്റബിൾ വരും, സാധനങ്ങൾ കൊടുത്തുവിടണം’; വ്യാപാരിയും തട്ടിപ്പിനിരയായി
കായംകുളം: പോലീസ് സേനയിലേക്കും ട്രാഫിക് വിഭാഗത്തിലേക്കും വ്യാജ റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിയ സംഘം ചേരാവള്ളിയിലെ ഒരു വ്യാപാരിയെയും കബളിപ്പിച്ചതായി പരാതി. ട്രാഫിക് റിക്രൂട്ട്മെന്റ് കേന്ദ്രത്തിൽ നിന്നും ഡിവൈഎസ്പിയാണ് വിളിക്കുന്നതെന്നും തിരുവനന്തപുരത്ത് സ്ഥിരമായി കോണ്‍ഫ്രൻസിന് പോകേണ്ടതിനാൽ പോലീസ് കോണ്‍സ്റ്റബിൾ കടയിൽ വന്നാൽ ആവശ്യമുള്ള സാധനങ്ങൾ കൊടുക്കണമെന്ന് ചേരാവള്ളിയിലുള്ള ഒരു കടയുടമയോട് ആവശ്യപ്പെട്ടു.
ഇത് വിശ്വസിച്ച വ്യാപാരി വ്യാജ റിക്രൂട്ട്മെന്റ്് കേന്ദ്രത്തിലെ സംഘത്തിന് സാധനങ്ങൾ കടം നൽകി. ഇങ്ങനെ സാധനങ്ങൾ വാങ്ങിയ വകയിൽ പതിനായിരം രൂപയോളം വ്യാപാരിക്ക് ലഭിക്കാനുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കായംകുളം പോലീസിൽ ഒരു വ്യാപാരി പരാതിയുമായി സമീപിച്ചിരിക്കുന്നത്.
വ്യാജ റിക്രൂട്ടമെന്റ്് സംഘം ചേരാവള്ളിയിൽ കെട്ടിടം വാടകയ്ക്കെടുത്തത് ഇരുപതിനായിരം രൂപ ഡിപ്പോസിറ്റ് നൽകിയും മാസം അയ്യായിരം രൂപ വാടക ്വ്യവസ്ഥയിലുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണ്‍ കോളുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കായംകുളം സിഐ പി. കെ. സാബു പറഞ്ഞു.
സംഘം പിടിയിലായതിനെ തുടർന്ന് പത്തോളം പേർ തട്ടിപ്പിനിരയായത് ചൂണ്ടിക്കാട്ടി ഇപ്പോൾ പോലീസിനെ സമീപിച്ചിട്ടുണ്ട്.