മുംബൈ: മധ്യപ്രദേശിൽ പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വൈദ്യപരിശോധന നടത്തിയത് ഒരേ മുറിയിൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ ഒരുക്കാതെയാണ് മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിൽ അധികൃതർ പരിശോധനകൾ നടത്തിയത്. സ്ത്രീകൾക്കായി വനിത ഡോക്ടറെയും അധികൃതർ നിയോഗിച്ചിരുന്നില്ല.
പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.
മധ്യപ്രദേശിറെ ധറിലാണ് പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജില്ലാ പോലീസ് അധികൃതർ ജാതി എഴുതിയത്. ബുധനാഴ്ച ധറിലെ സർക്കാർ ആശുപത്രിയിൽ ഇരുന്നൂറോളം ഉദ്യോഗാർഥികൾ ഉയരം, തൂക്കം തുടങ്ങിയവ പരിശോധിക്കാൻ എത്തിയിരുന്നു.
പരിശോധന പുരോഗമിക്കുന്നതിനിടെ ഉദ്യോഗാർഥികളുടെ നെഞ്ചിൽ പോലീസ് ജാതി രേഖപ്പെടുത്തി. എസ്സി, എസ്ടി, ജി(ജനറൽ)എന്നാണ് രേഖപ്പെടുത്തിയത്.