കോഴിക്കോട്: പറന്പിൽ ബസാറിൽ പോലൂർ പയിന്പ്ര റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് പുറത്ത് വിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ കാണാതായ മൂന്ന് പേരെ പോലീസ് കണ്ടെത്തി. രേഖാചിത്രം പുറത്ത് വിട്ടതിനെ തുടർന്ന് ഇന്നലെ ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് നിരവധി ഫോൺ വിളികൾ എത്തിയിരുന്നു.
രേഖാചിത്രം കണ്ട് പല സ്ഥലങ്ങളിൽ നിന്നും കാണാതായവരുടെ ബന്ധുക്കളാണ് പോലീസിനെ വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെയും അയൽ സംസ്ഥാനത്തെയും പോലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായ മൂന്ന് യുവാക്കളെ കണ്ടെത്താൻ പോലീസിന് സാധിച്ചു. തലയാട്, തൃത്താല എന്നിവിടങ്ങളിൽ നിന്ന് കാണാതായവരെയാണ് പോലീസ് കണ്ടെത്തിയത്
. തലയാട് നിന്ന് കാണാതായ യുവാവിനെ ബാലുശേരിക്കടുത്ത് തൃത്താലയിൽ നിന്നും തൃത്താലയിൽ നിന്ന് കാണാതായ യുവാവിനെ തൃച്ചിനാപ്പള്ളിയിൽ നിന്ന് തമിഴ്നാട് റൂറൽ പോലീസുമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
14ന് പുലർച്ചെ പ്രദേശത്തു നിന്നും പുകയും രൂക്ഷഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടർന്ന് ചേവായൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡിൻറെയും ഫോറൻസിക് വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ചേവായൂർ സിഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ ആറു സ്ക്വാഡുകളാണ് കേസ് അന്വേഷിക്കുന്നത്.