പാറശാലയിലെ ഷാരോണ്‍ കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയെച്ചുറ്റിപ്പറ്റി പുതിയ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നു.
കളിയിക്കാവിള സ്വദേശിയായ 11കാരന് ജ്യൂസ് കുടിച്ചു മരിക്കാനിടയായ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഗ്രീഷ്മയാണെന്ന തരത്തിലാണ് ആരോപണങ്ങള്‍.
കളിയക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്റെ മരണത്തെപ്പറ്റിയാണ് കേരള-തമിഴ്നാട് പോലീസ് ഇപ്പോള്‍ സമാനമായ അന്വേഷണം തുടങ്ങിയിരിക്കുന്നത്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ അജ്ഞാതന്‍ നല്കിയ ജ്യൂസ് കുടിച്ചാണ് അശ്വിന് അവശനിലയിലാകുന്നതും പിന്നീട് മരണത്തിനു കീഴടങ്ങുന്നതും.
രണ്ടു സംഭവങ്ങളും വ്യത്യസ്ത സാഹചര്യത്തിലാണെങ്കിലും മരണത്തില്‍ സമാനതകളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
പാനിയം കുടിച്ച് നേരിയ അസ്വസ്ഥത അനുഭവപ്പെട്ട അശ്വിന്റെ ആന്തരികാവയവങ്ങള്‍ ക്രമേണ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഗ്രീഷ്മ കക്ഷായത്തില്‍ കലര്‍ത്തിയ കീടനാശിനി കുടിച്ച ഷാരോണും മരണത്തിനു കീഴടങ്ങിയത് ഇതേ രീതിയില്‍തന്നെയാണ്.
ഇരു സംഭവത്തിലും വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുകയും വായില്‍ വെള്ളം പോലും ഇറക്കാനാവാത്തവിധം വൃണം രൂപപ്പെടുകയും ആന്തരികാവയവങ്ങള്‍ ദ്രവിച്ചു പോകുകയുമായിരുന്നു.
ഗ്രീഷ്മയുടെ വീടിനു സമീപമാണ് ഇതും നടന്നിരിക്കുന്നതെന്നും ആയതിനാല്‍ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ നല്കിയ ദ്രാവകത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ അശ്വിന് നല്കിയതാണോയെന്ന സംശയമാണ് ചിലര്‍ ഉയര്‍ത്തുന്നത്.
അശ്വിന് ജ്യൂസ് നല്‍കിയത് യൂണിഫോം ധരിച്ചെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നാണ് പോലീസ് പറയുന്നത്.
കൃത്യത്തിനായി ഗ്രീഷ്മയോ മറ്റാരെങ്കിലുമോ ഈ കുട്ടിയെ നിയോഗിക്കുകയായിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.